എസ്ഡിപിഐ സംസ്ഥാന ഹര്‍ത്താല്‍ പിന്‍വലിച്ചു: നാളെ കരിദിനം

കൊച്ചി: നാളെ സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പിന്‍വലിച്ചതായി എസ്ഡിപിഐ അറിയിച്ചു. അഭിമന്യു വധക്കേസില്‍കസ്റ്റഡിയിലെടുത്ത നേതാക്കളെ വിട്ടയച്ചതിനാലാണ് ഹര്‍ത്താല്‍ പിന്‍വലിച്ചത്. എന്നാല്‍ പോലീസ് വേട്ടയില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കാന്‍ തീരുമാനിച്ചതായി സംസ്ഥാന നേതൃത്വം അറിയിച്ചു.

പൊലീസ് കസ്റ്റഡിയില്‍ എടുത്ത സംസ്ഥാന പ്രസിഡന്റ് അടക്കമുള്ള നേതാക്കളെ വൈകുന്നേരമാണ് വിട്ടയച്ചത്. എറണാകുളം പ്രസ് ക്ലബ്ബില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിന് ശേഷം പുറത്തിറങ്ങിയപ്പോഴായിരുന്നു ഇവരെ കസ്റ്റഡിയില്‍ എടുത്തത്.

സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി, വൈസ് പ്രസിഡന്റ് എം.കെ.മനോജ് കുമാര്‍, ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍, എറണാകുളം ജില്ല പ്രസിഡന്റ് വി.കെ.ഷൗക്കത്തലി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വിട്ടയച്ചത്. പത്രസമ്മേളനത്തിനിടയില്‍ തന്നെ ഇവര്‍ വന്ന മൂന്ന് വാഹനങ്ങളുടെ ഡ്രൈവര്‍മാരെയും എറണാകുളം സെന്‍ട്രല്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നു.

അഭിമന്യു കേസുമായി ബന്ധപ്പെട്ട് പൊലീസ് എസ്ഡിപിഐ പ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്യുകയാണ് എന്ന് ആരോപിച്ചായിരുന്നു പത്രസമ്മേളനം. വന്‍ പൊലീസ് സന്നാഹത്തോടെയായിരുന്നു നേതാക്കളെ കസ്റ്റഡിയില്‍ എടുത്തത്. എസിപി സുരേഷ് കുമാര്‍, എസിപി ലാല്‍ജി എന്നിവരടങ്ങുന്ന സംഘം നേതാക്കളെ ചോദ്യം ചെയ്ത ശേഷം വിട്ടയക്കുകയായിരുന്നു.

Top