മഹാരാജാസിലെ സമാധാനം തകര്‍ക്കുക, എസ്എഫ്‌ഐയെ ഒതുക്കുക: അഭിമന്യുവിന്റെ കൊലപാതകം ഗൂഡ ലക്ഷ്യങ്ങളോടെ ആസൂത്രണം ചെയ്തത്

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐ ഇടുക്കി ജില്ലാ കമ്മിറ്റിയംഗം അഭിമന്യുവിനെ കുത്തിക്കൊന്ന സംഭവത്തില്‍ പങ്കാളികളായവരെ പിടികൂടാനാകാതെ പൊലീസ്. ഇതുവരെ ആറ് പേര്‍ പിടിയിലായതില്‍ മൂന്ന് പേര്‍ മാത്രമാണ് സംഘര്‍ഷത്തില്‍ നേരിട്ട് പങ്കെടുത്തത്. സംഭവം നടന്ന ദിവസം രാത്രി സിഐടിയു, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ നേതൃത്വത്തിലാണ് ഈ മൂന്ന് പേരെയും പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചത്.

അതേസമയം, പിടിയിലായ പ്രതികളുടെ മൊഴിയില്‍ നിന്ന് അക്രമത്തിന് പിന്നിലെ കാരണം അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടു. ‘മഹാരാജാസ് കോളേജില്‍ ഒന്നര വര്‍ഷമായി സമാധാനം നിലനിന്നിരുന്നു. ഇത് തകര്‍ക്കാനും ക്യാംപസില്‍ എസ്എഫ്‌ഐയെ ഭയപ്പെടുത്തി അടക്കി നിര്‍ത്താനും അതിലൂടെ സ്വാധീനം നേടാനുമാണ് പ്രതികള്‍ ഉദ്ദേശിച്ചിരുന്നത്. ഇതിനുളള ചര്‍ച്ചകള്‍ നേരത്തെ നടന്നിരുന്നുവെന്നാണ് കരുതുന്നത്. ആ നിലയ്ക്ക് അന്വേഷണം പുരോഗമിക്കുന്നുണ്ട്,’ ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വളരെ കുറച്ച് പേര്‍ മാത്രമായിരുന്നു ക്യാംപസ് ഫ്രണ്ടിനെ അനുകൂലിച്ചിരുന്നത്. ഇവിടെ കൂടുതല്‍ സ്വാധീനം നേടാന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ ഭയപ്പെടുത്താനായിരുന്നു ഉദ്ദേശം. പരമാവധി വിദ്യാര്‍ത്ഥികളെ ആക്രമിക്കാന്‍ ലക്ഷ്യമിട്ടാണ് കഴിഞ്ഞ ഞായറാഴ്ച രാത്രി പ്രതികള്‍ കോളേജിന് സമീപത്ത് സംഘടിച്ചെത്തിയത്.

ജൂലൈ ഒന്നിന് അദ്ധരാത്രി നടന്ന സംഘര്‍ഷത്തില്‍ അഭിമന്യു കൊല്ലപ്പെട്ടപ്പോള്‍, അര്‍ജുന്‍ എന്ന വിദ്യാര്‍ത്ഥി കുത്തേറ്റ് അത്യാസന്ന നിലയിലായിരുന്നു. വിഷ്ണുവെന്ന മറ്റൊരു വിദ്യാര്‍ത്ഥി കുത്തേറ്റ് ദിവസങ്ങളോളം എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞു. മറ്റ് മൂന്ന് പേര്‍ക്ക് കത്തി കൊണ്ടുളള ആക്രമണത്തില്‍ പരുക്കേറ്റിരുന്നുവെന്നാണ് വിവരം.

ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്ക് സഹായം ലഭിക്കുന്ന എല്ലാ സ്രോതസ്സുകളും അടയ്ക്കാനാണ് പൊലീസിന്റെ ശ്രമം. ഒരു തരത്തില്‍ പുകച്ച് പുറത്ത് ചാടിക്കുക എന്ന തന്ത്രമാണ് പൊലീസ് പയറ്റുന്നത്. ഇതിനാണ് 12 പ്രതികളുടെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. എന്നാല്‍ ഇവരെ എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നതെന്ന് ഇതുവരെയും പൊലീസിന് വ്യക്തമായി മനസിലാക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

Top