ക്രൈം ഡെസ്‌ക്
കോഴിക്കോട്: കക്കാടംപൊയിലിൽ റിസോർട്ടിൽ രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച ശേഷം റിസോർട്ട് ഉടമ പണം നൽകാതെ മുങ്ങി. പെൺകുട്ടികൾ തർക്കമുണ്ടാക്കിയതോടെ പൊലീസ് ഇടനിലക്കാരനെ പൊക്കി. സംഭവം വിവാദമായതോടെ പെൺകുട്ടികളെ റിസോർട്ട് ഉടമ തന്നെ മുക്കി. പെൺകുട്ടികളെയും പ്രതിയായ റിസോർട്ട് ഉടമയെയും കണ്ടെത്താൻ ജില്ലാ പൊലീസ് മേധാവി പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചു. കാക്കാടം പൊയിലിലെ റിസോർട്ട് കേന്ദ്രീകരിച്ച് നടന്ന വാണിഭസംഘമാണ് വിവരം പൊലീസ് അറിഞ്ഞതോടെ നെട്ടോട്ടം ഓടുന്നത്. പ്രതികളെ പിടികൂടാൻ ഐജി നിർദേശം നൽകിയതോടെ തിരുവമ്പാടി പോലീസിനെ ഒഴിവാക്കി പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കാൻ ഐജി നിർദേശിക്കുകയായിരുന്നു.
നിലവിൽ പോലീസ് അറസ്റ്റ് ചെയ്ത തിരുവമ്പാടി തണ്ണിക്കോട്ട് ടി.ജെ. ജോർജിനൊപ്പം പോലീസിന് പരാതി നൽകിയ റിസോർട്ട് ഉടമയ്ക്കും സംഭവത്തിൽ പങ്കുണ്ടെന്ന ആരോപണം ഉയർന്നുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് സത്യാവസ്ഥ അറിയാൻ പെൺകുട്ടികളെ പിടികൂടാൻ ഐജി നിർദേശം നൽകിയത്. ഒരു യുവതി മാത്രമേ ഇതുവരെ ചിത്രത്തിൽ ഉണ്ടായിരുന്നുള്ളു. എന്നാൽ പെൺവാണിഭത്തിന് രണ്ട് പെൺകുട്ടികളെ എത്തിച്ചതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇവർക്ക് രണ്ടുപേർക്കും കൂടി 40,000 രൂപയായിരുന്നു ഒരാളിൽനിന്നു നിശ്ചയിച്ച പ്രതിഫലം. അറസ്റ്റിലായ ജോർജ് എന്ന ജെസിബി ജോർജ് തിരുവമ്പാടി സ്വദേശിയായ വ്യാപാരിയുടെ കക്കാടംപൊയിലിലെ റിസോർട്ട് വാടകയ്ക്കെടുത്ത് നടത്തുകയാണ്. രണ്ട് പെൺകുട്ടികൾ റിസോർട്ടിലുണ്ടെന്ന് ജോർജ് വിളിച്ചറിയതനുസരിച്ച് റിസോർട്ട് ഉടമ കക്കാടംപൊയിലിലേക്ക് കുതിച്ചെത്തിയെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്.
പെൺകുട്ടികൾക്കൊപ്പം കഴിഞ്ഞ റിസോർട്ട് ഉടമ പണം നൽകാൻ തയാറായില്ല. റിസോർട്ട് ഉടമ തിരിച്ചുപോയതിനുശേഷം പെൺകുട്ടികൾ ജോർജിനോട് പ്രതിഫലം ആവശ്യപ്പെട്ടു. തുടർന്നാണ് ജോർജ് റിസോർട്ട് ഉടമയുമായി ഫോണിൽ ബന്ധപ്പെട്ട് പെൺകുട്ടിക്ക് പണം നൽകണമെന്ന് ആവശ്യപ്പെട്ടത്. ഈ കോൾ റിസോർട്ട് ഉടമ റെക്കോർഡ് ചെയ്തു. പ്രതിഫലം കിട്ടാതെവന്ന ഒരുപെൺകുട്ടി പിന്നീട് ഉടമയുടെ തിരുവമ്പാടിയിലെ വീട്ടിലെത്തി കൂടുതൽ പണം ആവശ്യപ്പെട്ടു. ഇതോടെ അപകടം മണത്ത റിസോർട്ട് ഉടമ ജോർജിന്റെ റെക്കോർഡ് ചെയ്ത ഫോൺ കോൾ സഹിതം താമരശേരിയിലെ ഉന്നത ഉദ്യോഗസ്ഥന് ബ്ലാക്ക് മെയിൽ എന്ന രീതിയിൽ പരാതി കൈമാറുകയായിരുന്നു. ഇതിന് ഒരു അഭിഭാഷകന്റെ സഹായവും ലഭിച്ചു.


