മണ്ഡലകാല പൂജകള്‍ക്ക് തുടക്കം കുറിച്ച് ശബരിമല നട തുറന്നു. രാവിലെ 3ന് പുതിയ മേല്‍ശാന്തി എ.വി. ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയാണ് നടതുറന്നത്. പ്ലാസ്റ്റിക് മുക്ത മണ്ഡലകാലമാണ് ഇത്തവണ ലക്ഷ്യമിടുന്നത്. കഴിഞ്ഞദിവസം അഞ്ച് മണിയോടെ തന്ത്രിയും മേല്‍ശാന്തിയും പതിനെട്ടാംപടിയിറങ്ങിയെത്തി നിയുക്ത മേല്‍ശാന്തിയെ സ്വീകരിച്ചു. തുടര്‍ന്ന് ആഴിയില്‍ ദീപം തെളിച്ച് അദ്ദേഹത്തെ കൈപിടിച്ച് പതിനെട്ടാംപടികയറ്റി, ക്ഷേത്ര സോപാനത്തിലെത്തിച്ചു. സോപാന മണ്ഡപത്തിലിരുന്ന നിയുക്ത മേല്‍ശാന്തിയുടെ ശിരസ്സില്‍ തീര്‍ഥം അഭിഷേകം ചെയ്തശേഷം തന്ത്രി കണ്ഠരര് മഹേഷ് മോഹനരര് ശ്രീകോവിലിലേക്ക് ആനയിച്ചു. നിയുക്ത മേല്‍ശാന്തിയുടെ കാതില്‍ അയ്യപ്പന്റെ മൂലമന്ത്രവും തന്ത്രി ഓതിക്കൊടുത്തു. ഇതോടെ എ.വി. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി പുറപ്പെടാശാന്തിയായി. മാളികപ്പുറം മേല്‍ശാന്തി അനീഷ് നമ്പൂതിരിക്ക് തന്ത്രി കലശമാടി മൂലമന്ത്രം ഓതിക്കൊടുത്തു. വൃശ്ചികപ്പുലരിയില്‍ വന്‍ഭക്തജനതിരക്കും സന്നിധാനത്തുണ്ടായി. ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍, ആരോഗ്യമന്ത്രി കെ കെ ശൈലജ, ദേവസ്വം ബോര്‍ഡ് പുതിയ പ്രസിഡന്റ് എ പദ്മകുമാര്‍ തുടങ്ങിയവര്‍ സന്നിധാനത്തെത്തി.


