ആലുവ: ഇന്ന് മഹാശിവരാത്രി. ശിവരാത്രി ആഘോഷങ്ങള്‍ക്കായി ആലുവ മണപ്പുറം ഒരുങ്ങിക്കഴിഞ്ഞു. നദീതീരം മണ്‍മറഞ്ഞ പൂര്‍വികര്‍ക്കു ബലിയിടാനെത്തുന്ന പിന്മുറക്കാരെക്കൊണ്ടു നിറഞ്ഞുതുടങ്ങി. ക്ഷേത്രത്തില്‍ രാവിലെ ഏഴിനു തുടങ്ങിയ ലക്ഷാര്‍ച്ചന രാത്രിവരെ നീളും. നൂറുകണക്കിന് അലങ്കാര ദീപങ്ങളുടെ പ്രഭയില്‍ മുങ്ങിനില്‍ക്കുകയാണു മണപ്പുറം. പുഴയോരത്തു നൂറ്റന്‍പതോളം ബലിത്തറകള്‍ സജ്ജമാക്കിയിട്ടുണ്ട്. ശ്രീനാരായണ ഗുരു സ്ഥാപിച്ച അദ്വൈതാശ്രമത്തിലും തര്‍പ്പണത്തിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. ഹരിത പ്രോട്ടോക്കോള്‍ അനുസരിച്ചാണ് ഇത്തവണ ശിവരാത്രി ആഘോഷം. ഇന്നു വൈകിട്ടു നാലു മുതല്‍ നാളെ ഉച്ചയ്ക്കു രണ്ടു വരെ ആലുവനഗരത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടാകും. ശിവഭഗവാന് വേണ്ടി പാര്‍വതി ദേവി ഉറക്കമിളച്ച ദിവസമാണ് ശിവരാത്രിയെന്നാണ് ഒരു ഐതിഹ്യം. പാര്‍വതി ദേവി ഉറക്കം വെടിഞ്ഞതിനാല്‍ ഇതേ ദിവസം ഉറക്കം വെടിഞ്ഞാണ് ഭക്തരും ശിവരാത്രി ആഘോഷിക്കുന്നത്. കുംഭ മാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്. വ്രത ശുദ്ധിയോടെ ശിവ പൂജകളുമായി ഉപവാസമിരിക്കുന്നതും ഉറക്കമിളയ്ക്കുന്നതും ശിവരാത്രിയുടെ പ്രധാന ആചാരങ്ങളാണ്.


