സുനിൽ പി ഇളയിടത്തിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:
കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനുള്ള കര്‍മപദ്ധതി തയ്യാറാക്കുമ്പോള്‍ അടിസ്ഥാനപരമായി ഉണ്ടാകേണ്ട ഒന്ന് പാരിസ്ഥിതിക ജാഗ്രതയും വിവേകവുമാണ്. മൂന്നു നാല് കാര്യങ്ങള്‍ ഇതില്‍ പരമപ്രധാനമാണ്.
1. പശ്ചിമഘട്ട സംരക്ഷണം. പശ്ചിമഘട്ടത്തിലുടനീളം പാറമടകള്‍ തീര്‍ത്തും വനഭൂമി കയ്യേറിയുമുള്ള ‘വികസനം’ ഇനിയെങ്കിലും അവസാനിപ്പിക്കാനാകണം. പരിസ്ഥിതിലോല മേഖലയെന്നത് മാധവ് ഗാഡ്ഗിലിന്റെ ഭാവനയല്ല എന്നുകൂടിയാണ് ഈ പ്രളയകാലം നമ്മെ പഠിപ്പിച്ചത്.
2. തണ്ണീര്‍ത്തടങ്ങളുടെയും വയല്‍ നിലങ്ങളുടെയും പരിപാലനം. കേരളത്തിന്റെ ആവാസവ്യവസ്ഥയുടെ അടിസ്ഥാന ഘടകമാണിവ രണ്ടും. ഇതുമുഴുവന്‍ ഭൂമാഫിയകള്‍ക് മണ്ണിട്ട് തൂര്‍ക്കാന്‍ വിട്ടു കൊടുത്ത ‘വികസന’പരിപ്രേക്ഷ്യം കൂടിയാണ് ഈ പ്രളയത്തെ ഇത്രമേല്‍ മാരകമാക്കിയത്.
3. പുഴകളുടെയും നീര്‍ച്ചാലുകളുടെയും സ്വാഭാവികമായ ഒഴുക്കുവഴികളുടെ സംരക്ഷണം. മഹാപ്രളയങ്ങള്‍ എപ്പോഴുമുണ്ടാകില്ല എന്നതിനര്‍ത്ഥം നദീതടങ്ങള്‍ കയ്യേറി കെട്ടിടം പണിയാം എന്നല്ല.
4. കുന്നിടിച്ചും പാറപൊട്ടിച്ചും മണലൂറ്റിയും അനിയന്ത്രതമായി നടക്കുന്ന പാര്‍പ്പിട സമുച്ചയങ്ങളുടെയും ഫ്‌ലാറ്റ് – വില്ല നിര്‍മ്മാണങ്ങളുടെയും നിയന്ത്രണം. കേരളത്തിന്റെ പാര്‍പ്പിടാവശ്യവും ഇവിടെ നടക്കുന്ന പാര്‍പ്പിടനിര്‍മ്മാണവും തമ്മില്‍ ബന്ധമുണ്ടെന്ന് ഉറപ്പാക്കാനാവണം.
ഇത്തരം കാര്യങ്ങള്‍ കൂടി ഉറപ്പാക്കിയാലേ കേരളത്തിന്റെ പുനര്‍നിര്‍മ്മാണം എന്ന ആശയത്തിന് അര്‍ത്ഥമുണ്ടാവൂ. അതേക്കുറിച്ചുള്ള ആലോചനകള്‍ ഗൗരവപൂര്‍വ്വം നടക്കേണ്ട വേദികളില്‍
‘പാറമടയുള്ളതുകൊണ്ടാണോ കാടിനുള്ളില്‍ ഉരുള്‍ പൊട്ടിയത് ?’ എന്നും
‘പ്രകൃതിയുടെ വിധിയെ തടുക്കാനാവില്ല’ എന്നുമൊക്കെയുള്ള വിവരക്കേടുകള്‍ ഇടതുപക്ഷ നിലപാടായി അവതരിപ്പിക്കുന്ന ‘ഇടതുപക്ഷ’ എം.എല്‍.എ. മാരില്‍നിന്ന് ഇടതുപക്ഷത്തിനും മോചനം നേടാനാകണം!
പഴയ ഒരു കുറിപ്പില്‍ നിന്ന്:
‘പ്രകൃതിയുടെ മേല്‍ മനുഷ്യര്‍ നേടിയ വിജയങ്ങളെ ചൊല്ലി നമ്മള്‍
അതിരുകവിഞ്ഞ ആത്മപ്രശംസ നടത്തേണ്ടതില്ല. അത്തരം ഓരോ വിജയത്തിനും പ്രകൃതി നമ്മോട് പക വീട്ടുന്നുണ്ട്. ഓരോ വിജയവും ഒന്നാമതായി ഉളവാക്കുന്നത് നമ്മള്‍ പ്രതീക്ഷിച്ച ഫലങ്ങളാണ് എന്നതു ശരി തന്നെ. എന്നാല്‍ രണ്ടാമതും മൂന്നാമതും അതുളവാക്കുന്നത് തികച്ചും വ്യത്യസ്തവും അപ്രതീക്ഷിതവും പലപ്പോഴും ആദ്യത്തേതിനെ തട്ടിക്കിഴിക്കുന്നതുമായ ഫലങ്ങളാണ്.’
വികസനവിരുദ്ധനായ പരിസ്ഥിതി തീവ്രവാദിയൊന്നുമല്ല.
പഴയൊരു താടിക്കാരനാണ്.
പേര് ഫ്രെഡറിക് എംഗല്‍സ്.
‘മനുഷ്യന്റെ അജൈവ ശരീരമാണ് പ്രകൃതി ‘ എന്ന് മറ്റൊരു താടിക്കാരനും പറഞ്ഞിട്ടുണ്ട്



