അമലയ്ക്ക് ഒറ്റമുറി വീട്; ഫഹദിന്‍റെ വീടിന് വേറെയും അവകാശികള്‍…

ആഢംബരക്കാറുകളുടെ നികുതി വെട്ടിക്കാന്‍ അമലപോളും ഫഹദ് ഫാസിവും നടത്തിയ തട്ടിപ്പുകള്‍ നേരിട്ട് കണ്ട് ഞെട്ടി കേരളത്തില്‍ നിന്ന് എത്തിയ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് പകരം കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയില്‍ എത്തിച്ചതോടെ ലക്ഷങ്ങളുടെ നികുതി തട്ടിപ്പാണ് താരങ്ങള്‍ നടത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യാജ രേഖകളുപയോഗിച്ച് താരങ്ങള്‍ നടത്തിയ തട്ടിപ്പ് അന്വേഷിക്കാന് കേരളത്തില് നിന്നുള്ള ഉദ്യോഗസ്ഥര്‍ പോണ്ടിച്ചേരിയിലെത്തിയത്. അകത്ത് ശുചിമുറി പോലുമില്ലാത്ത ഒറ്റമുറിയുടെ മേല്‍വിലാസമാണ് അമലാ പോള്‍ വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ നല്‍കിയത്. ഇപ്പോള്‍ താമസം പോണ്ടിച്ചേരിയിലാണെന്ന് കാണിക്കാന്‍ തിലാസ്‌പേട്ട് സെന്റ് തേരാസാസ് സ്ട്രീറ്റില്‍ ആറാംനമ്പര്‍ വീടെന്ന പേരില്‍ ഈ ചെറിയമുറിയുടെ വിലാസമാണ് നല്‍കിയത്. ഈ മേല്‍വിലാസത്തിന് ആധികാരികത വരുത്താന്‍ ഇതേപേരില്‍ ഇന്‍ഷ്വറന്‍സ് പോളിസിയുമെടുത്തിട്ടുണ്ടായിരുന്നു. ഫഹദ് ഫാസില്‍ വാഹനം രജിസ്റ്റര്‍ ചെയ്യാനുപയോഗിച്ച് അതേ വിലാസം ഉപയോഗിച്ച് തന്നെയാണ് ചങ്ങനാശ്ശേരി കളപ്പുറത്ത് ഹൗസില്‍ ടോമി തോമസും വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ടാഗോര്‍ നഗറിലെ വീട് കണ്ടെത്തിയെങ്കിലും ചുറ്റുവട്ടത്തുള്ളവര്‍ക്കൊന്നും ഫഹദിനെ അറിയുക പോലുമില്ല. നടന്‍ സുരേഷ് ഗോപിയുടെ കാര്‍ രജിസ്റ്റര്‍ ചെയ്ത വീടു പരിശോധിക്കാനെത്തിയപ്പോള്‍ അവിടെ വര്‍ഷങ്ങളായി വെങ്കിടേഷ് എന്നയാളാണ് താമസിക്കുന്നതെന്ന് വിവരം ലഭിച്ചു. പോണ്ടിച്ചേരിയില്‍ താമസിക്കുന്നതിന് താരങ്ങള്‍ വ്യാജ വാടക കരാര്‍, ഇന്‍ഷുറന്‍സ് പോളിസി എന്നിവ ഉണ്ടാക്കിയതായി ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് കേരളത്തില്‍ നിന്നുള്ള മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ പോണ്ടിച്ചേരിയില്‍ നേരിട്ടെത്തി അന്വേഷണം നടത്തിയത്.

Top