സ്വന്തം ലേഖകൻ
കുറിച്ചി : മാതാപിതാക്കൾ വിദേശത്തായതിനെ തുടർന്ന് ഹോസ്റ്റലിൽ നിരത്തിയ എട്ടാം ക്ലാസുകാരന് അധ്യാപകന്റെ ക്രൂര മർദ്ദനം. പിടിയിൽ വടി ഉപയോഗിച്ച് അധ്യാപകൻ അടിച്ചതോടെ കുട്ടിയുടെ നട്ടെല്ലിന് സമീപത്തെ ഞരമ്പിന് ചതവേറ്റു.
സ്കൂൾ ഹോസ്റ്റലിൽ നിൽക്കുന്ന എട്ടാം ക്ലാസുകാരനെയാണ് അധ്യാപകൻ മർദിച്ച് അവശനാക്കിയത്. സാരമായി പരിക്കേറ്റ കുട്ടി സമീപത്തെ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി. അധ്യാപകനെ താക്കീത് ചെയ്തതായി സ്കൂൾ പ്രിൻസിപ്പൽ അറിയിച്ചു.
ഇന്നലെ ഉച്ചയോടെ കുറിച്ചി രാജാസ് സ്കൂളിലെ എട്ടാം ക്ലാസുകാരൻ ക്ലാസിൽ വികൃതി കാട്ടിയ കുട്ടിയെ അധ്യാപകൻ അടിക്കുകയായിരുന്നു. ഓടി മാറിയ കുട്ടിയുടെ പുറത്ത് വടി ഉപയോഗിച്ചായിരുന്നു അധ്യാപകന്റെ അടി. വടി വന്ന് പതിച്ചത് കുട്ടിയുടെ കഴുത്തിനും. കുട്ടിയുടെ കഴുത്തിൽ നട്ടെല്ലിന്റെ ഭാഗത്തെ ഞരമ്പിൽ അടി കിട്ടിയതോടെ വേദന അതി രൂക്ഷമായി. രാത്രി വൈകി ഹോസ്റ്റലിൽ എത്തിയ കുട്ടിയ്ക്ക് കിടക്കാനും എഴുന്നേൽക്കാനും ആയില്ല. വേദന അസഹ്യമായതോടെ കുട്ടിയെ ഹോസ്റ്റൽ വാർഡൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പിടലിയിൽ നട്ടെല്ലിനോട് ചേർന്ന ഭാഗത്തെ ഞരമ്പിനാണ് അടി കിട്ടിയതെന്ന് കണ്ടെത്തിയത്. മാതാപിതാക്കൾ രണ്ടു പേരും വിദേശത്തായതിനാൽ സ്കൂളിലെ ഹോസ്റ്റലിലാണ് കുട്ടി നിൽക്കുന്നത്. അച്ഛന്റെ അമ്മയാണ് കുട്ടിയുടെ നാട്ടിലെ കാര്യങ്ങൾ നോക്കുന്നത്. ഇന്ന് രാവിലെ ഹോസ്റ്റൽ അധികൃതർ വിവരം അറിയിച്ചത് അനുസരിച്ച് അച്ഛന്റെ അമ്മ ഹോസ്റ്റലിൽ എത്തിയിരുന്നു. എന്നാൽ , പരാതി നൽകരുതെന്ന സ്കൂൾ അധികൃതരുടെ അഭ്യർത്ഥന മാനിച്ച് ഇവർ അധ്യാപകനെതിരെ ഇവർ പരാതി നൽകിയില്ല.


