കണ്ണൂരിന് മാധവേട്ടനെങ്കില്‍ നിരത്തില്‍ നൃത്തം വെയ്ക്കുന്ന ട്രാഫിക് പൊലീസുകാരന്‍ ഇന്‍ഡോറിലുമുണ്ട്‌…

മുംബൈ: കണ്ണൂരുകാരുടെ ഹോംഗാര്‍ഡ് മാധവേട്ടന്‍ പറന്നുനടന്നാണ് നഗരത്തിലെ ട്രാഫിക് കുരുക്കഴിക്കാറ്. നഗരത്തില്‍ ഏറ്റവും വലിയ ഗതാഗത കുരുക്കുണ്ടാകുന്ന മേലേ ചൊവ്വയില്‍ ഹോം ഗാര്‍ഡ് മാധവേട്ടനുണ്ടെങ്കില്‍ വാഹനയാത്രികര്‍ക്ക് ആശ്വാസമാണ്.മഴയോ വെയിലോ കൂസാതെ ഒരു നിമിഷം പോലും വിശ്രമിക്കാതെ മാധവേട്ടന്‍ വാഹനങ്ങളെ നിയന്ത്രിക്കുകയും കടത്തിവിടുകയും ചെയ്യും. രണ്ടോ മൂന്നോ ട്രാഫിക് പൊലീസുകാര്‍ വിചാരിച്ചാലും തീരാത്ത കുടുക്കുകള്‍ പോലും മാധവേട്ടന്‍ നിമിഷ വേഗത്തില്‍ അഴിച്ചെടുക്കും.റോഡില്‍ മാധവേട്ടന്റെ മെയ് വഴക്കം കാണേണ്ടതു തന്നെയാണ്. നിരത്തില്‍ ചടുല നൃത്തമാണ് മാധവേട്ടന്റേത്. എന്നാല്‍ കണ്ണൂരിന് മാധവേട്ടനെന്ന പോലെ മെയ്‌വഴക്കം കൊണ്ട് ഗതാഗതം നിയന്ത്രിച്ച് ശ്രദ്ധയാകര്‍ഷിക്കുന്ന ട്രാഫിക് പൊലീസുകാരന്‍ ഇന്‍ഡോറിലുമുണ്ട്‌. നിരത്തില്‍ നൃത്തമാടി വാഹനങ്ങളെ നിയന്ത്രിക്കുന്ന 38 കാരന്‍ രഞ്ജീത് സിംഗ്. മൈക്കിള്‍ ജാക്‌സണിന്റെ വിഖ്യാത ചുവടായ ചാന്ദ്രനടത്ത (മൂണ്‍വോക്ക്) മെന്ന് തെല്ലും അതിശയോക്തിയില്ലാതെ വിശേഷിപ്പിക്കാവുന്ന മെയ് വഴക്കമാണ് രഞ്ജീത് സിംഗ് റോഡില്‍ അവതരിപ്പിക്കുന്നത്.തിരക്കുപിടിച്ച ഇന്‍ഡോര്‍ നഗരത്തിന് രഞ്ജീത് സിങ്ങിന്റെ ഈ ഇടപെടല്‍ വലിയ അനുഗ്രഹമാണ്. ഒഴുകി നടന്ന് ഈ യുവാവ് കുരുക്കൊഴിവാക്കും. വാഹനങ്ങളെ നിയന്ത്രിക്കുകയും കടത്തിവിടുകയും ചെയ്യും.മൈക്കിള്‍ ജാക്‌സണിന്റെ കടുത്ത ആരാധകനായതിനാലാണ് തനിക്ക് ഈ ചുവടുകള്‍ കൈവവന്നതെന്ന് രഞ്ജീത് സിഹ് പറയുന്നു. 12 വര്‍ഷം മുന്‍പേ തന്നെ ജാക്‌സണിന്റെ മൂണ്‍വാക്ക് താന്‍ റോഡില്‍ പയറ്റിത്തുടങ്ങിയിട്ടുണ്ട്.ആദ്യമൊക്കെ ആളുകള്‍ അദ്ഭുതത്തോടെയാണ് നോക്കിയിരുന്നത്. പക്ഷേ ഇപ്പോള്‍ എല്ലാവര്‍ക്കും ഈ കാഴ്ച പരിചിതമായി. ഇന്‍ഡോര്‍ ഹൈക്കോടതി ജംഗ്ഷനില്‍ നിലയുറപ്പിക്കാറുള്ള തനിക്ക് വാഹനഗതാഗതം സുഗമമാക്കാന്‍ ചുവടുകള്‍ ഏറെ സഹായകരമാകുന്നുവെന്ന് രഞ്ജീത് സിങ് സാക്ഷ്യപ്പെടുത്തുന്നു.ഇതേവരെയുള്ള ജോലി കാലയളവില്‍ നിരത്തില്‍ ചിതറിത്തെറിച്ച 40 യുവാക്കളുടെയെങ്കിലും രക്തം ചിന്തിയ ശരീരങ്ങള്‍ തനിക്ക് ഈ കൈകളില്‍ എടുക്കേണ്ടി വന്നിട്ടുണ്ട്. അതിനാല്‍ ഏവരും എപ്പോഴും സ്വയം നിയന്ത്രിച്ച് സുരക്ഷിത യാത്ര തെരഞ്ഞെടുക്കണമെന്ന് ഇദ്ദേഹം ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നു.ഗതാഗതക്കുരുക്ക് നിയന്ത്രിക്കാന്‍ നിരത്തില്‍ താന്‍ പ്രയോഗിക്കുന്ന തന്ത്രങ്ങള്‍ക്ക് വകുപ്പിന്റെ പൂര്‍ണ പിന്‍തുണയുണ്ട്.തന്റെ പ്രവര്‍ത്തനങ്ങളില്‍ കുടുംബത്തിന് ഏറെ ആഹ്ലാദവും അഭിമാനവുമുണ്ടെന്നും രഞ്ജീത് സിങ് വ്യക്തമാക്കുന്നു. ഫെയ്‌സ്ബുക്കില്‍ അന്‍പതിനായിരത്തോളം അനുഗാമികളുണ്ട് രഞ്ജീത് സിങ്ങിന്.

Top