സ്വന്തം ലേഖകൻ
ന്യൂഡൽഹി: കോടിക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന കുംഭമേളയിലേയ്ക്ക് ട്രക്ക് ഓടിച്ചു കയറ്റിയും, ആളുകളെ കഴുത്തറുത്തും കൊലനടത്തുന്നതിന് പദ്ധതിയിട്ട ഐ.എസ്.ഭീകര സംഘത്തിന്റെ നീക്കം പൊളിഞ്ഞു. കുടിവെള്ളത്തിൽ അടക്കം വിഷം കലർത്തിയും നൂറുകണക്കിന് ആളുകളെ കൊലപ്പെടത്തുക എന്ന ലക്ഷ്യവും സംഘത്തിനുണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് ഒൻപത് പ്രതികളെ മഹാരാഷ്ട്രയിൽ നിന്നും പൊലീസ് സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. കുപ്രസിദ്ധ മുംബെ അധോലോക കുറ്റവാളി റഷീദ് മലബാറിയുടെ മകനും അറസ്റ്റിലായ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.
കുംഭമേളയിൽ ഭീകര ആക്രമണം നടത്തി ഹിന്ദു വിരുദ്ധ വർഗീയ കലാപം കൂടി സൃഷ്ടിക്കുക എന്ന ലക്ഷ്യം കൂടിയിട്ടാണ് ഐ.എസ് സംഘം ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിനായി പരിശീലനം ലഭിച്ച കില്ലർ സംഘത്തെ തന്നെ ഐ.എസ് ഭീകരർ രാജ്യത്ത് എത്തിക്കുന്നതിനും പദ്ധതിയിട്ടിരുന്നു. ഇതിനായി കഴിഞ്ഞ മൂന്നു മാസത്തോളമായി സംഘം വൻ പദ്ധതിയാണ് തയ്യാറാക്കിയിരുന്നത്. ഈ പദ്ധതിയാണ് ഇപ്പോൾ മഹാരാഷ്ട്ര പൊലീസിന്റെ ഇന്റലിജൻസ് വിഭാഗത്തിന്റെ കൃത്യമായ ആസൂത്രണത്തോടെ പൊളിഞ്ഞിരിക്കുന്നത്.
ഐ.എസിന്റെ വിവിധ വാർത്തകളും, ആക്രമണത്തിന്റെ വീഡിയോയും കണ്ടാണ് ഇവർ ഭീകരപ്രവർത്തനത്തിൽ ആകൃഷ്ടരായതെന്നാണ് പൊലീസ് നൽകുന്ന സൂചന. ഇത്തരത്തിൽ ഭീകര പ്രവർത്തനം നടത്തി രാജ്യത്ത് ഐ.എസിന്റെ വേരോട്ടം ശക്തിപ്പെടുത്തുകയായിരുന്നു ഇവരുടെ ചുമതല. സോഷ്യൽ മീഡിയ വഴി ഐ.എസ് മേധാവിമാരുമായും ഇവർ ബന്ധപ്പെട്ടിരുന്നു. സ്വയം തയ്യാറാക്കിയ ആക്രമണ പദ്ധതിയ്ക്ക് ഇവർ ഐ.എസിന്റെ സഹായം തേടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചാവേർ സംഘത്തെ അയച്ചു നൽകാമെന്ന ധാരണയിൽ ഐ.എസ് തീവ്രവാദി സംഘം എത്തിയത്. പിടിയിലാകുമ്പോൾ പ്രതികളുടെ പക്കൽ രാസവസ്തുക്കളും ആക്രമണം നടത്താനുള്ള സ്‌ഫോടക വസ്തുക്കളും കത്തിയും മാരകായുധങ്ങളും ഉണ്ടായിരുന്നുതായും കണ്ടെത്തിയിട്ടുണ്ട്.


