സി.പി.എം. പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തിനിരയായ ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ മരിച്ചു

എറണാകുളം: കിഴക്കമ്പലത്ത് സി.പി.എം. പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തിനിരയായ ട്വന്റി ട്വന്റി പ്രവര്‍ത്തകനായ യുവാവ് മരിച്ചു. കാവുങ്ങപ്പറമ്പ് പാറപ്പുറം ഹരിജന്‍ കോളനിയില്‍ ചായാട്ടുഞാലില്‍ സി.കെ. ദീപു(38)വാണ് ആന്തരിക രക്തസ്രാവത്തെത്തുടര്‍ന്ന് മരിച്ചത്.

കഴിഞ്ഞ 12നാണ് സംഭവം. പ്രതികളായ സൈനുദ്ദീന്‍ സലാം, അബ്ദു റഹ്മാന്‍, അബ്ദുള്‍ അസീസ്, ബഷീര്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകശ്രമത്തിനും പട്ടികജാതി-പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരവുമാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ട്വന്റി ട്വന്റി ആഹ്വാനം ചെയ്ത സ്ട്രീറ്റ് ലൈറ്റ് ചലഞ്ചിനു കെ.എസ്.ഇ.ബി. തടസം നിന്നത് എം.എല്‍.എയും സര്‍ക്കാരും കാരണമാണെന്നു ചൂണ്ടിക്കാട്ടി വീടുകളില്‍ 15 മിനിറ്റു വിളക്കണച്ചു പ്രതിഷേധിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ദീപുവും വീട്ടില്‍ പ്രതിഷേധ സമരത്തില്‍ പങ്കാളിയായി. സി.പി.എം. പ്രവര്‍ത്തകരായ ഒരുപറ്റം ആളുകള്‍ ദീപുവിനെ മര്‍ദ്ദിച്ചു.

അവശനിലയിലായ ഇയാളെ വാര്‍ഡ് മെമ്പറും സമീപവാസികളും എത്തിയാണ് രക്ഷിച്ചത്. ദീപുവിനു ചികിത്സ നല്‍കുകയോ പൊലീസില്‍ അറിയിക്കുകയോ ചെയ്താല്‍ കൊന്നുകളയുമെന്നും അക്രമികള്‍ ഭീഷണിപ്പെടുത്തിയിരുന്നു. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ദീപു രക്തം ഛര്‍ദിക്കുകയും അത്യാസന്ന നിലയിലാകുകയും ചെയ്തു.

പഴങ്ങനാടുള്ള ആശുപത്രിയിലെത്തില്‍ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി ആലുവ രാജഗിരി ആശുപത്രിയിലേക്കു മാറ്റിയിരുന്നു. ആന്തരിക രക്തസ്രാവം കണ്ടെത്തിയതിനെത്തുടര്‍ന്ന് ദീപുവിനെ വെന്റിലേറ്ററിലാക്കിയിരുന്നു. ഗുരുതരാവസ്ഥയിലായ ദീപുവിനെ അടിയന്തര ശസ്ത്രക്രിയയ്ക്കും വിധേയനാക്കിയിരുന്നു.

Top