വാഗമണ്‍ സിമി ക്യാന്പ്: നാലു മലയാളികൾ ഉൾപ്പെടെ 18 പേർ കുറ്റക്കാരെന്ന് കോടതി, ശിക്ഷ നാളെ വിധിക്കും

കൊച്ചി: നിരോധിത സംഘടനയായ സിമിയുടെ പ്രവർത്തകർ വാഗമണിൽ ആയുധ പരിശീലന ക്യാംപ് നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ 18 പേർ കുറ്റക്കാരെന്ന് കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതി കണ്ടെത്തി. പതിനേഴുപേരെ കോടതി വെറുതെ വിട്ടു. പ്രതികൾക്കുള്ള ശിക്ഷ ചൊവ്വാഴ്ച വിധിക്കും.കുറ്റക്കാരാണെന്നു കണ്ടെത്തിയവരിൽ നാലു പേർ മലയാളികളാണ്. ആയുധപരിശീലനം, സ്ഫോടക വസ്തു നിരോധന നിയമം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്. രാജ്യത്തിന്‍റെ സുരക്ഷയും അഖണ്ഡതയും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ക്രിമിനല്‍ ഗൂഢാലോചന നടത്തിയ പ്രതികള്‍ രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്ന കുറ്റകൃത്യമാണ് ക്യാമ്പ് നടത്തിയതിലൂടെ ചെയ്തതെന്ന് എന്‍ഐഎ കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു.

ബെംഗളൂരു, അഹമ്മദാബാദ്, സൂറത്ത്, വാരാണസി എന്നിവിടങ്ങളില്‍ നടന്ന സ്ഫോടനങ്ങളില്‍ ഈ പ്രതികളുടെ പങ്ക് കണ്ടെത്തിയിരുന്നു. കേരളത്തില്‍ ആസൂത്രിതമായ ക്യാംപ് നടന്നിട്ടും ഇന്‍റലിജന്‍സ് ഏജന്‍സികള്‍ക്കു കണ്ടെത്താനാകാത്തതു വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. കൃത്യമായ തെളിവുകളുടെ അഭാവത്തിലാണ് 17 പേരെ വെറുതെ വിട്ടത് എന്നാണ് വിവരം. ബോംബ് ഉണ്ടാക്കുന്നതിനുള്ള പരിശീലനം, ബൈക്ക് പരിശീലനം, കാടും മലയും താണ്ടുന്നതിനുള്ള പരിശീലനം എന്നിവയാണു ക്യാംപില്‍ നടന്നതെന്നാണ് എന്‍ഐഎ വിശദീകരണം. അമീന്‍ പര്‍വേശ് എന്ന ഗുജറാത്ത് സ്വദേശിയാണ് ബോംബ് ഉണ്ടാക്കാനുള്ള പരിശീലനം നല്‍കിയത് എന്നും എന്‍ഐഎ അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേസിൽ ഇന്ത്യൻ മുജാഹിദീൻ സ്ഥാപക നേതാവ് അബ്ദുൽ സുബ്ഹാൻ ഖുറേഷിയെ എൻഐഎ പ്രത്യേക കോടതിയിൽ കഴിഞ്ഞയാഴ്ച ഹാജരാക്കിയിരുന്നു. കേസിലെ 35–ാം പ്രതിയായ ഖുറേഷിയെ അഹമ്മദാബാദിൽനിന്നാണു ഗുജറാത്ത് പൊലീസ് റോഡ് മാർഗം കൊച്ചിയിലെത്തിച്ചത്. ആയുധപരിശീലന ക്യാംപിനു നേതൃത്വം നൽകിയ സിമിയുടെ പ്രവർത്തനങ്ങൾക്കു സാമ്പത്തിക സഹായം ലഭിച്ചതുമായി ബന്ധപ്പെട്ടാണു ഖുറേഷിയെ എൻഐഎ പ്രതിചേർത്തത്.

വാഗമണിലെ തങ്ങൾപാറയിൽ 2007 ഡിസംബർ 10 മുതൽ 12 വരെയാണു ക്യാംപ് നടത്തിയത്. ഇവിടെനിന്ന് ആയുധ പരിശീലനത്തിനുള്ള ഉപകരണങ്ങളും വെടിക്കോപ്പുകളും കണ്ടെത്തിയെന്നായിരുന്നു കേസ്. കേരളാ പൊലീസിന്റെ ഭീകരവിരുദ്ധ സ്ക്വാഡ് അന്വേഷണം പൂർത്തിയാക്കിയ കേസിന്റെ ഗൗരവം കണക്കിലെടുത്തു ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുക്കുകയായിരുന്നു.ഉന്നംതെറ്റാതെ നിറയൊഴിക്കാനും പെട്രോൾ ബോംബ് നിർമിക്കാനും വനത്തിൽ കൂടിയുള്ള ബൈക്ക് റേസിങ്ങിനും പ്രത്യേക പരിശീലനം നൽകിയ ക്യാംപിൽ പങ്കെടുത്തവരിൽ ആറ് എൻജിനീയർമാരും മൂന്നു ഡോക്‌ടർമാരുമുണ്ട്. പരിശീലനത്തിനുള്ള തോക്കുകൾ വാങ്ങിയത് കൊച്ചിയിലെ ആയുധ വിൽപനശാലയിൽ നിന്നാണെന്ന് എൻഐഎ കണ്ടെത്തിയിരുന്നു.

മധ്യപ്രദേശിലെ ഇൻഡോറിൽ നടത്തിയ ഗൂഢാലോചനയ്‌ക്കും തയാറെടുപ്പുകൾക്കും ശേഷം വാഗമണ്ണിൽ ക്യാംപ് സംഘടിപ്പിക്കാൻ പാനായിക്കുളം സിമി രഹസ്യയോഗ കേസിലെ മുഖ്യപ്രതിയായ ഈരാറ്റുപേട്ട സ്വദേശി പീടിയാക്കൽ പി.എ. ഷാദുലിയെയാണു സിമിയുടെ ഉന്നത നേതാക്കൾ ചുമതലപ്പെടുത്തിയത്. പരിശീലന വിവരം ചോർന്നതിനാൽ ക്യാംപ് മൂന്നാം ദിവസം അവസാനിപ്പിക്കുകയായിരുന്നു.

സിമി ആയുധ ക്യാംപ് സംഘടിപ്പിച്ച കാര്യം ആദ്യം റിപ്പോർട്ട് ചെയ്‌തത് കേരളാ പൊലീസിന്റെ ആഭ്യന്തര സുരക്ഷാ വിഭാഗമാണ്. കുറ്റകൃത്യ നിരോധന നിയമം, ആയുധനിയമം, സ്‌ഫോടക വസ്‌തു നിരോധന നിയമം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ഗുജറാത്തിലെ മണിനഗർ, മധ്യപ്രദേശിലെ പിത്താമ്പർ, കർണാടകയിലെ ഗോകുൽറോഡ് എന്നിവിടങ്ങളിലും സിമി ആയുധ പരിശീലന ക്യാംപുകൾ നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ പ്രതിനിധീകരിച്ച മണ്ഡലമാണ് മണിനഗർ. ഈ ക്യാംപുകളിൽ പങ്കെടുത്തവരിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട 50 പേരാണു വാഗമൺ ക്യാംപിൽ പങ്കെടുത്തത്. ഇതിൽ 35 പേരുടെ വിശദാംശങ്ങളാണു തെളിവു സഹിതം കണ്ടെത്തിയത്. നിരോധിത സംഘടനയായ സിമി രഹസ്യ ക്യാമ്പ് നടത്തിയെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ 2009 ജൂണ്‍ 18 നാണ് മുണ്ടക്കയം പോലീസ് കേസ് രജിസ്റര്‍ ചെയ്തത്.

Top