കരഞ്ഞു കാലുപിടിച്ച് മാപ്പ് ചോദിച്ച് വിജയ്; കാരൂര്‍ ദുരന്തത്തില്‍പ്പെട്ടവരുടെ കുടുംബങ്ങളെ കണ്ടു

ചെന്നൈ: കരൂര്‍ ദുരന്തത്തില്‍പ്പെട്ടവരുടെ കുടുംബങ്ങളോട് മാപ്പ് ചോദിച്ച് നടന്‍ വിജയ്. കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിലൊരാളായി ജീവിതകാലം മുഴുവന്‍ താനുണ്ടാവുമെന്ന് തമിഴക വെട്രി കഴകം(ടിവികെ) നേതാവ് വിജയ് പറഞ്ഞു. തിങ്കളാഴ്ച മഹാബലിപുരത്തെ ഒരു റിസോര്‍ട്ടില്‍വെച്ച് കരൂരിലെ കുടുംബങ്ങളെക്കണ്ട വിജയ് തൊണ്ടയിടറിയാണ് അവരോട് സംസാരിച്ചത്. വികാരാധീനനായ വിജയ് തങ്ങളുടെ കാലില്‍ തൊട്ട് മാപ്പ് ചോദിച്ചതായി സ്ത്രീകള്‍ മാധ്യമങ്ങളോട് പറഞ്ഞു.

കരൂര്‍ ദുരന്തം നടന്ന് ഒരു മാസമായിട്ടും അവിടം സന്ദര്‍ശിക്കാനോ മരിച്ചവരുടെ കുടുംബങ്ങളെ കാണാനോ കഴിയാഞ്ഞതുകൊണ്ടാണ് വിജയ് മഹാബലിപുരത്തെ റിസോര്‍ട്ടില്‍വെച്ച് കൂടിക്കാഴ്ച ആസൂത്രണംചെയ്തത്. മരിച്ച 41 പേരില്‍ 37 പേരുടെ കുടുംബാംഗങ്ങള്‍ മഹാബലിപുരത്ത് എത്തിയിരുന്നു. പരിക്കേറ്റ ഏതാനും പേരും വന്നു. മരണാനന്തരച്ചടങ്ങുകള്‍ പൂര്‍ത്തിയാവാത്തതുകൊണ്ടാണ് ചില കുടുംബങ്ങള്‍ വരാതിരുന്നത്. ചിലര്‍ പ്രതിഷേധസൂചകമായി വിട്ടുനിന്നതായും സൂചനയുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കരൂരില്‍നിന്നുള്ള കുടുംബങ്ങളെ മഹാബലിപുരത്തേക്ക് വിളിച്ചുവരുത്തേണ്ടിവന്നതില്‍ വിജയ് അവരോട് ക്ഷമ ചോദിച്ചു. വൈകാതെ കരൂരിലെത്തുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി. തിക്കിലും തിരക്കിലും മരിച്ച കുട്ടികളുടെ ഫോട്ടോകള്‍ കണ്ടപ്പോള്‍ വിജയ്യുടെ തൊണ്ടയിടറി. അഞ്ച് ലക്ഷ്വറി ബസ്സുകളിലായാണ് കുടുംബങ്ങളെ ടിവികെ പ്രവര്‍ത്തകര്‍ മഹാബലിപുരത്തെത്തിച്ചത്. ഇവര്‍ക്കായി റിസോര്‍ട്ടില്‍ 50 മുറികളെടുത്തിരുന്നു. മാധ്യമപ്രവര്‍ത്തകരെ പ്രവേശിപ്പിച്ചിരുന്നില്ല.

ദുരന്തത്തിനിരയായവരുടെ കുടുംബങ്ങളുമായി വീഡിയോകോളിലൂടെ സംസാരിക്കുകയല്ലാതെ നേരിട്ട് ആരെയും കാണാന്‍ വിജയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇത് വലിയ വിമര്‍ശനത്തിന് കാരണമാവുകയും ചെയ്തിരുന്നു. കരൂര്‍ സന്ദര്‍ശിക്കുന്നതിനു പകരം വിനോദസഞ്ചാരകേന്ദ്രത്തിലെ റിസോര്‍ട്ടില്‍ ഇത്തരമൊരു ചടങ്ങ് സംഘടിപ്പിച്ചതില്‍ ടിവികെ പ്രവര്‍ത്തര്‍ക്കുതന്നെ പ്രതിഷേധമുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്.

മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് ടിവികെ 20 ലക്ഷം രൂപവീതം നല്‍കിയിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ രണ്ടു ലക്ഷം രൂപയും കഴിഞ്ഞദിവസം കൈമാറി.

 

Top