ഗെയില്‍ അധികൃതരുടെ നടപടിക്കെതിരെ വ്യാപകമായി ജനങ്ങളുടെ പ്രതിഷേധം-സുധീരൻ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി .മനുഷ്യാവകാശങ്ങളും നീതിയും നിഷേധിച്ചുകൊണ്ട് വാതക പൈപ്പ് ഇടുന്ന ഗെയില്‍ അധികൃതരുടെ നടപടിക്കെതിരെ വ്യാപകമായി ജനങ്ങളുടെ പ്രതിഷേധം ഉയര്‍ന്നു വന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം കോഴിക്കോട് മുക്കത്തെത്തി ജനങ്ങളുമായി ആശയവിനിമയം നടത്തിയപ്പോള്‍ അവര്‍ പറയുന്നത് തികച്ചും ന്യായമാണെന്നാണ് എനിക്ക് ബോധ്യപ്പെട്ടത്. അവരില്‍ നിന്നും മനസിലാക്കാന്‍ കഴിഞ്ഞ കാര്യങ്ങള്‍ താഴെ കുറിക്കുന്നു.
1. ഗെയില്‍ കമ്പനി ഏറ്റെടുത്തതായി പറയുന്ന ഭൂമിയുടെ ഉടമകള്‍ക്ക് നോട്ടീസ് പ്രകാരം നോട്ടീസ് നല്‍കിയിട്ടില്ല.
2. ഭൂമി ഉടമകളുടെ പരാതി കേള്‍ക്കുന്നതിനും തീര്‍പ്പാക്കുന്നതിനുമുള്ള ഹിയറിങ് നടത്തിയിട്ടില്ല.
3. ഭൂവുടമയുടെ ഭൂമിയില്‍ ഏത് ഭാഗത്ത് എത്ര മീറ്റര്‍ നീളത്തിലും വീതിയിലുമായി എത്ര സെന്റ് ഭൂമിയാണ് ഏറ്റെടുക്കുന്നത് എന്ന് കാണിക്കുന്ന അവാര്‍ഡ് നല്‍കിയിട്ടില്ല.
4. പെട്രോളിയം ആന്‍ഡ് മിനറല്‍സ് പൈപ്പ് ലൈന്‍ ആക്റ്റ് (പി.& എം.പി.) 1962 പ്രകാരം ഇത്തരം പൈപ്പുകള്‍ ജനവാസ മേഖലയിലൂടെ സ്ഥാപിക്കാന്‍ പാടില്ലെന്ന വ്യവസ്ഥ പാലിച്ചിട്ടില്ല. ഇത് തികച്ചും നിയമവിരുദ്ധമാണ്.
5. ഒരു മുന്നറിയിപ്പും കൂടാതെ ജെ.സി.ബിയുമായി ജനവാസ കേന്ദ്രങ്ങളില്‍ ചെന്ന് തങ്ങളുടെ പക്കലുള്ള രേഖകള്‍ നോക്കി തന്നിഷ്ടപ്രകാരമാണ് അധികൃതര്‍ പണി നടത്തുന്നത്.
6. തങ്ങളുടെ ഭൂമിയിലൂടെയാണ് പൈപ്പ്ലൈന്‍ കടന്നു പോകുന്നതെന്ന് പലരും അറിയുന്നത് ജെസിബിയുമായി പണിക്കാര്‍ വന്നപ്പോഴാണ്.
7. വീടുകളും മറ്റു കെട്ടിടങ്ങളും നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരമേ ഇല്ലെന്നാണ് ആക്ഷേപം. ഭൂമിയുടെ ഉടമസ്ഥര്‍ക്കാകട്ടെ ന്യായവും അര്‍ഹവുമായ നഷ്ടപരിഹാരമൊട്ടില്ലതാനും.
8. വാതക പൈപ്പ് ലൈനിലൂടെ ഉണ്ടാകാവുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിന് ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ല എന്നും ആക്ഷേപമുണ്ട്.
9. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ഉണ്ടാകാവുന്ന പാരിസ്ഥിതിക ആഘാതങ്ങളെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തുന്ന രീതിയിലുള്ള ഫലപ്രദമായ പഠനങ്ങള്‍ ഉണ്ടായിട്ടില്ലെന്നും ജനങ്ങള്‍ക്ക് പരാതിയുണ്ട്.
തങ്ങളുടെ കിടപ്പാടവും സര്‍വതും നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ നിലനില്‍പ്പ് തന്നെ ഇല്ലാതാക്കുന്ന സ്ഥിതിവിശേഷം ജനങ്ങളെയാകെ ആശങ്കയിലും ഭീതിയിലും എത്തിച്ചിരിക്കുകയാണ്.
ജനങ്ങളുമായും ജനപ്രതിനിധികളുമായും ചര്‍ച്ച ചെയ്യാനോ അവരെ വിശ്വാസത്തിലെടുക്കാനോ തയാറാകുന്നതിന് പകരം പോലീസിനെ ഉപയോഗിച്ച് ജനപ്രതിഷേധത്തെ അടിച്ചമര്‍ത്താനാണ് അധികാരികള്‍ ശ്രമിച്ചു വരുന്നത്.
ജനങ്ങള്‍ക്ക് നേരെ കഴിഞ്ഞ ദിവസം അതിക്രൂരമായ നരനായാട്ട് ആണ് പോലീസ് നടത്തിയത്. വഴിയില്‍ കണ്ടവരെയും വീടുകളില്‍ ഇരുന്നവരെ വരെ പോലീസ് തല്ലിച്ചതച്ചു. വീടുകള്‍ ആക്രമിക്കപ്പെട്ടു. റൗഡികളുടെ വിളയാട്ടം പോലെ പോലീസ് നടത്തിയ മനുഷ്യത്വരഹിതമായ അക്രമങ്ങള്‍ കാക്കി യൂണിഫോമിന് തന്നെ കളങ്കമായിരിക്കുകയാണ്.
പോലീസിന്റെ അതിക്രമങ്ങള്‍ക്ക് ഇരയായ മിക്കവരും കേസില്‍ പ്രതികളാകും എന്ന ഭീതി കൊണ്ട് ആശുപത്രിയില്‍ പോയിട്ടില്ല. സ്വകാര്യ ചികിത്സ നടത്തി വരികയാണ്. എത്രപേര്‍ ആക്രമിക്കപ്പെട്ടു എന്നു തിട്ടപ്പെടുത്താന്‍ കഴിയാത്ത അവസ്ഥയിലാണ്.
അഡ്വക്കേറ്റ് ഇസ്മായില്‍ വാഫ, അബ്ദുല്‍ ജലീല്‍, വി.കെ., സി.വി. ഗഫൂര്‍, യു. മുഹമ്മദ് നബില്‍ എന്നിവരെ നേരില്‍ കണ്ടു. മുഹമ്മദ് നബില്‍ ഒ എം എഫ് എസ് (ഓര്‍ത്തോ മാക്‌സിലോ ഫേഷ്യല്‍ സര്‍ജറി) കഴിഞ്ഞ വിദ്യാര്‍ഥിയാണ്. ആ കുട്ടിയുടെ മുഖത്തും ശരീരമാകെ ക്രൂരമായിട്ടാണ് പൊലീസ് മര്‍ദിച്ചത്. വീടുകള്‍ ആക്രമിക്കപ്പെട്ടു.
പറഞ്ഞറിയിക്കാനാകാത്ത ഭീകരമായ അതിക്രമങ്ങളാണ് പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായത്.
പോലീസ് കള്ളക്കേസ് എടുത്തതിന്റെ ഫലമായി റിമാന്റില്‍ കഴിയുന്നവരെ ഇന്നലെ കോഴിക്കോട് സബ് ജയിലില്‍ പോയി ഞാന്‍ കണ്ടിരുന്നു. വിവിധ ഷോപ്പുകളില്‍ ജോലി ചെയ്യുന്നവര്‍, വഴിയാത്രക്കാര്‍, മുടി വെട്ടാന്‍ ബാര്‍ബര്‍ ഷോപ്പില്‍ പോയവര്‍ തുടങ്ങി നിരപരാധികളായവര്‍ക്ക് നേരെയാണ് പോലീസിന്റെ ഈ അനീതി.
ക്രൂരമായ പോലീസ് അതിക്രമങ്ങള്‍ നടന്ന കൊടിയത്തൂര്‍, കാരശ്ശേരി പഞ്ചായത്തുകളിലെ എരഞ്ഞിമാവ്, നെല്ലിക്കാപറമ്പ്, വലിയപറമ്പ് തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു ജനങ്ങളുടെ പരാതികളും സങ്കടങ്ങളും നേരിട്ട് കേള്‍ക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
പോലീസ് സേനയ്ക്ക് പോലും അപമാനം വരുത്തി വയ്ക്കുന്ന ഇതുപോലെയുള്ള അതിക്രമങ്ങള്‍ ഇനി പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകാതിരിക്കുന്നതിന് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്കും മറ്റു ബന്ധപ്പെട്ടവര്‍ക്കുമെതിരെ കര്‍ശനമായ നടപടി ഉണ്ടാകണം.
നിലനില്‍പ്പിനുവേണ്ടി സമധാനപരമായി പ്രതികരിക്കാന്‍ നിര്‍ബന്ധിതരായ ജനങ്ങള്‍ക്ക് നീതി ഉറപ്പു വരുത്താനും അവരുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാനും അങ്ങയുടെ നേതൃത്വത്തിലുള്ള മനുഷ്യാവകാശ കമ്മീഷന്റെ ശക്തവും ഫലപ്രദവുമായ ഇടപെടല്‍ അടിയന്തിരമായി ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു


