മുംബൈ :വനിതാ ക്രിക്കറ്റ് വേള്‍ഡ് കപ്പില്‍ ചരിത്ര ജയത്തോടെ ഇന്ത്യ ഫൈനലില്‍ എത്തി .ഇന്ത്യൻ വനിതാ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച നിമിഷമായിരുന്നു വ്യാഴാഴ്ച നവി മുംബൈയിലെ ഡോ. ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിൽ അരങ്ങേറിയത്. വനിതാ ലോകകപ്പിൽ പരാജയം എന്തെന്നറിയാത്ത കരുത്തരായ ഓസ്ട്രേലിയ ഉയർത്തിയ 338 എന്ന വിജയ ലക്ഷ്യം ഒമ്പത് പന്തുകൾ ബാക്കി നിൽക്കെയാണ് ആതിഥേയരായ ഇന്ത്യ മറികടന്നത്. 134 പന്തിൽ 14 ബൗണ്ടറികളോടെ 127 റൺസ് നേടിയ ജെമീമ റോഡ്രിഗസിന്റെ തകർപ്പൻ പ്രകടനമാണ് ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചത്.
ഓസ്‌ട്രേലിയ ഉയര്‍ത്തിയ 339 വിജയലക്ഷ്യം അഞ്ച് വിക്കറ്റ് ബാക്കി നില്‍ക്കെ ഇന്ത്യ മറികടന്നു. സെഞ്ച്വറി പ്രകടനവുമായി പുറത്താകാതെ നിന്ന ജമീമ റോഡ്രിഗ്‌സ് ആണ് വിജയശില്‍പി. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 89 റണ്‍സെടുത്ത് പുറത്തായി.ഒക്ടോബര്‍ 30 വ്യാഴാഴ്ച നവി മുംബൈയിലെ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയിട്ടും ജെമീമ റോഡ്രിഗസ് ആഹ്ലാദം കാട്ടിയില്ല. ആഘോഷവും നടത്തിയില്ല.
അവള്‍ക്ക് മുന്നില്‍ മറ്റൊരു ലക്ഷ്യമുണ്ടായിരുന്നു. സെഞ്ച്വറിയായിരുന്നില്ല അത്. മറിച്ച് ടീമിനെ വിജയ വഴിയിലെത്തിക്കുക. അതായിരുന്നു ലക്ഷ്യം. അതുവരെ അഹ്ലാദമൊന്നും കാട്ടാതെ പോരാട്ടം തുടര്‍ന്നു. അത് വനിതാ ക്രിക്കറ്റിലെ ഏറ്റവും വലിയ റണ്‍ചെയ്‌സുമായി. സെമിയില്‍ നിലവിലെ ചാമ്പ്യന്മാരായ ആസ്ട്രേലിയയെ അഞ്ചു വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ റെക്കോഡ് റണ്‍ പിന്തുടര്‍ന്ന് വിജയം സ്വന്തമാക്കി. സ്വന്തം കാണികള്‍ക്ക് മുന്നില്‍ ജെമീമ റോഡ്രിഗസ് 127 റണ്‍സ് നേടി പുറത്താകാതെ ടീമിനെ വിജയത്തിലേക്ക് നയിച്ചു. നവി മുംബൈ ആ താരത്തെ കൈകൂപ്പി തൊഴുതു.
മത്സരത്തിനു ശേഷമുള്ള അഭിമുഖത്തിനിടെ ജെമീമ ഈ ടൂര്‍ണമെന്റിലെ തന്റെ വൈകാരിക പോരാട്ടങ്ങളെക്കുറിച്ച് തുറന്നു പറയുകയായിരുന്നു. ആദ്യമല്‍സരങ്ങളിലടക്കം തന്റെ മോശം പ്രകടനം നല്‍കിയ പ്രയാസകരമായ സമയത്തെ നേരിടാന്‍ സഹായിച്ചതിന് ദൈവത്തിലുള്ള തന്റെ വിശ്വാസത്തെ അഭിനന്ദിക്കുകയും ചെയ്തു. ‘ഈ ടൂറില്‍ ഞാന്‍ മിക്കവാറും എല്ലാ ദിവസവും കരഞ്ഞിട്ടുണ്ട്. മാനസികമായി സുഖമില്ല, മല്‍സരശേഷം ഉത്കണ്ഠയിലൂടെ കടന്നുപോകുന്നു. എന്റെ ഫോം ഞാന്‍ തന്നെ കണ്ടെത്തണമായിരുന്നു എനിക്കറിയാമായിരുന്നു.
ദൈവം എല്ലാം നോക്കി. തുടക്കത്തില്‍, ഞാന്‍ കളിക്കുകയായിരുന്നു, ഞാന്‍ എന്നോട് തന്നെ സംസാരിച്ചുകൊണ്ടിരുന്നു. പിന്നീട് ഞാന്‍ തളരാന്‍ തുടങ്ങി. അവസാനം, ഞാന്‍ ബൈബിളില്‍ നിന്നുള്ള ഒരു തിരുവചനങ്ങള്‍ ഉദ്ധരിക്കുക മാത്രമാണ് ചെയ്തത് – അവിടെ നില്‍ക്കുക, ദൈവം എനിക്കുവേണ്ടി പോരാടും. ഞാന്‍ അവിടെ നിന്നു, അവന്‍ എനിക്കുവേണ്ടി പോരാടി.’ യേശുവില്ലെങ്കില്‍ ജയം അസാധ്യമായിരുന്നുവെന്ന് പ്രഖ്യാപിച്ചു. ഇന്ത്യയുടെ മതേതര മുഖത്തിന് തെളിവ് കൂടിയായി നവി മുംബൈയിലെ ഗ്രൗണ്ടിലെ താരത്തിന്റെ ഈ പ്രഖ്യാപനം.
കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഇന്ത്യയ്ക്ക് രണ്ടാം ഓവറില്‍ ഷഫാലിയെ നഷ്ടമായി. പത്തോവറിനുള്ളില്‍ സ്മൃതി മന്ഥാനയും പുറത്തായി. ജെമീമ- ഹര്‍മന്‍പ്രീത് സഖ്യമാണ് പിന്നീട് കരുത്തായത്. ക്യാപ്റ്റനൊപ്പം തകര്‍ത്തടിച്ചതോടെ മൂന്നാം വിക്കറ്റില്‍ 147 റണ്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടു. മത്സരത്തിന്റെ 36-ാം ഓവറില്‍ ഹര്‍മന്‍പ്രീതിനെ മടക്കി അനബെല്‍ സതര്‍ലന്‍ഡ് ഓസ്‌ട്രേലിയയ്ക്കു പ്രതീക്ഷ നല്‍കി. സ്മൃതി മന്ദാന (24), ദീപ്തി ശര്‍മ (24), വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷ് (23), ഷെഫാലി വര്‍മ (10) എന്നിവരും ജയത്തില്‍ നിര്‍ണായക ഭാഗഭാക്കായി. അമന്‍ജോത് കൌര്‍(15) ആയിരുന്നു വിജയ റണ്‍ കുറിക്കുമ്പോള്‍ ജെമീമയ്ക്കൊപ്പം ക്രീസില്‍.
വനിതാ ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയ തുടര്‍ച്ചയായ 15 ജയങ്ങള്‍ക്ക് ശേഷമാണ് തോല്‍വി അറിയുന്നത്. ഞായറാഴ്ച നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍. വനിതാ ലോകകപ്പില്‍ ഇന്ത്യയുടെ രണ്ടാം ഫൈനലാണിത്.
ജമീമ റോഡ്രിഗസിന്റെ അംഗത്വം റദ്ദാക്കി മുംബൈയിലെ പഴക്കമേഴിയ ക്ലബ്ബുകളിലൊന്നായ ഖാര്‍ ജിംഖാന മുമ്പ് വാര്‍ത്തകളില്‍ എത്തിയിരുന്നു. ജമീമയുടെ പിതാവ് ക്ലബ്ബുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍ മതപരമായ കാര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നുവെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. ജമീമയുടെ പിതാവ് ഇവാന്റെ നേതൃത്വത്തില്‍ ക്ലബ്ബിന്റെ പരിസരപ്രദേശങ്ങളില്‍ ഉള്‍പ്പെടെ മതപരമായ പരിപാടികള്‍ സംഘടിപ്പിക്കുന്നതായും മതപരിവര്‍ത്തനത്തിന് ഉള്‍പ്പെടെ വഴിയൊരുക്കുന്നതായുമാണ് ആരോപണം ഉയര്‍ന്നത്.
ഇതിനെതിരെ അംഗങ്ങളില്‍ ഒരു വിഭാഗം ശക്തമായ നിലപാടെടുത്തതോടെയാണ് ഇന്ത്യന്‍ താരത്തിന്റെ അംഗത്വം റദ്ദാക്കാന്‍ ക്ലബ്ബിന്റെ വാര്‍ഷിക പൊതുയോഗം തീരുമാനിച്ചത്. ”ജമീമ റോഡ്രിഗസിന്റെ പിതാവ് ഇവാന്‍ ബ്രദര്‍ മാനുവല്‍ മിനിസ്ട്രീസ് എന്നു പേരുള്ള ഒരു സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി അവര്‍ പ്രസിഡന്‍ഷ്യല്‍ ഹാള്‍ 35 പരിപാടികള്‍ക്കായാണ് ബുക്ക് ചെയ്തിരുന്നത്. അവിടെ എന്താണ് നടക്കുന്നതെന്നും ഞങ്ങള്‍ക്കറിയാം’ ഖാര്‍ ജിംഖാന മാനേജിങ് കമ്മിറ്റി അംഗം ശിവ് മല്‍ഹോത്ര അന്ന് പ്രതികരിച്ചത് ഇങ്ങനെയാണ്. ഈ വിവാദങ്ങളെ എല്ലാം പ്രകടനത്തിലൂടെ തകര്‍ത്തെറിയുകയാണ് ജമീമ. ഇനി രാജ്യത്തിന്റെ അഭിമാന പുത്രിയാണ് അവര്‍.










