കടയില്‍ നിന്നും വാങ്ങിയ പായ്ക്കറ്റ് പാലില്‍ നിന്നും പുഴുവിനേയും പ്രാണികളേയും കണ്ടെത്തി . കോഴിക്കോട് ചാത്തമംഗലത്താണ് സംഭവം. മില്‍മപാലില്‍ നിന്നാണ് പുഴുവിനേയും പ്രാണികളേയും കണ്ടെത്തിയത്. പാല്‍ വാങ്ങിയ ഓട്ടോഡ്രൈവറായ ശ്രീലേഷ് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിനു പരാതി നല്‍കി. ഇതേതുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം സാമ്പിള്‍ സ്വീകരിച്ചിട്ടുണ്ട്. എക്‌സ്പയറി ഡേറ്റ് കഴിയാത്ത പായ്ക്കറ്റ് പാലിലായിരുന്നു ചത്ത പ്രാണികളെയും പുഴവിനെയും കണ്ടത്. ഇതേതുടര്‍ന്ന് പാല്‍ വാങ്ങിയ ശ്രീലേഷ് മില്‍മയിലേക്ക് വിളിച്ചു. പക്ഷേ അവരുടെ പ്രതികരണത്തില്‍ അനാസ്ഥ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഭക്ഷ്യസുരക്ഷാ വിഭാഗം സാമ്പിള്‍ പരിശോധിക്കും. ഈ സീരീസിലുള്ള മറ്റു പായ്ക്കറ്റുകള്‍ പരിശോധനയ്ക്ക് വിധേയമാക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. അതു കൊണ്ട് പരിശോധനയുടെ ഫലം വന്ന ശേഷമായിരിക്കും തുടര്‍നടപടിയെന്നു ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്‍ അറിയിച്ചു. സംഭവം അറിഞ്ഞ് മില്‍മയുടെ ക്വാളിറ്റി ഓഫീസര്‍ സ്ഥലത്ത് എത്തിയിരുന്നു. ഇവരും നാട്ടുകാരുമായി വാക്കുതര്‍ക്കമുണ്ടായി. സംസ്ഥാനത്ത് ഏറ്റവുമധികം വില്‍ക്കപ്പെടുന്ന പായ്ക്കറ്റ് പാലാണ് മില്‍മ. പാലില്‍ ചത്ത ജീവികളെ കാണാന്‍ സാധ്യതയില്ല; വിഷയം കൂടുതല്‍ പഠിച്ച ശേഷം പ്രതികരിക്കാമെന്നായിരുന്നു മില്‍മ അധികൃതരുടെ വിശദീകരണം.


