കുറവന്‍കോണം: ചെടി നഴ്സറിയില്‍ ജീവനക്കാരി കൊല്ലപ്പെട്ട സംഭവത്തില്‍
പ്രതിയെന്ന് സംശയിക്കുന്നയാള്‍ കസ്റ്റഡിയില്‍. തമിഴ്നാട്ടില്‍ നിന്നുമാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. തമിഴ്നാട് സ്വദേശിയാണ് പിടിയിലായത്. കസ്റ്റഡിയിലെടുത്ത പ്രതിയെന്ന് സംശയിക്കുന്ന വ്യക്തി പേരൂര്‍ക്കടയിലെ ഹോട്ടല്‍ ജീവനക്കാരനാണെന്നാണ് സൂചന.
സി.സി.ടിവി ദൃശ്യങ്ങളില്‍ നിന്ന് ഇയാളുടെ രേഖാ ചിത്രം പോലീസ് പുറത്തു വിട്ടിരുന്നു. സംശയാസ്പദമായ രീതിയില്‍ പ്രതിയെന്ന് സംശയിക്കുന്നയാള്‍ നടന്നു പോകുന്നതാണ് ദ്യശ്യങ്ങളിലുള്ളത്. ചെടി നേഴ്‌സറിയിലെ ജീവനക്കാരിയായ വിനീതയാണ് ഞായറാഴ്ച ജോലി സ്ഥലത്ത് കൊല്ലപ്പെട്ടത്. വിനീതയുടെ കഴുത്തില്‍ ആഴത്തില്‍ കുത്തേറ്റിരുന്നു. ചോരവാര്‍ന്നാണ് മരണം.
ചെടികള്‍ക്ക് വെള്ളമൊഴിക്കാനാണ് വിനീത ജോലിസ്ഥലത്ത് എത്തിയത്. ചെടികള്‍ വാങ്ങാനായി രണ്ടുപേര്‍ വന്നെങ്കിലും ആരെയും കാണാതിരുന്നതോടെ ഉടമസ്ഥനെ ബന്ധപ്പെട്ട് കടയില്‍ ആരുമില്ലെന്ന് അറിയിക്കുകയായിരുന്നു. സംശയം തോന്നിയ ഉടമസ്ഥന്‍ മറ്റൊരു ജീവനക്കാരിയെ സ്ഥലത്തേക്ക് പറഞ്ഞുവിട്ടു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നഴ്സറിയുടെ ഇടതുഭാഗത്തെ ഇടുങ്ങിയ സ്ഥലത്ത് വിനീതയുടെ മൃതേദഹം കണ്ടെത്തിയത്. വിനീതയുടെ കഴുത്തിലുണ്ടായിരുന്ന നാലരപവന്റെ മാലയും 25,000 രൂപയും കാണാനില്ലായിരുന്നു.


