കൊച്ചി: മോഡലുകളുടെ അപകട മരണത്തിലൂടെ വിവാദത്തിലായ ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ -18 ഹോട്ടലുടമ റോയ് ജെ. വയലാറ്റ്, മോഡലുകളെ കാറില്‍ പിന്തുടര്‍ന്ന സൈജു തങ്കച്ചന്‍, അഞ്ജലി എന്ന യുവതി എന്നിവര്‍ക്കെതിരെ പോക്‌സോ കേസ്. കോഴിക്കോട് സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് ഫോര്‍ട്ട് കൊച്ചി പോലീസ് കേസെടുത്തിട്ടുള്ളത്.
നഗരമധ്യത്തില്‍ മോഡലുകള്‍ കാര്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍ റോയിയും സൈജുവും അറസ്റ്റിലായിരുന്നു. റോയിക്ക് ജാമ്യം കിട്ടിയിരുന്നു. ഷൈജു ജയിലിലും. വീട്ടമ്മയെയും അവരുടെ മകളെയും കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ നമ്പര്‍ 18 ഹോട്ടലില്‍ പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. മോഡലുകള്‍ മരിച്ച കാര്‍ അപകടത്തിന് ആഴ്ചകള്‍ക്ക് മുമ്പായിരുന്നു സംഭവം.
പീഡനത്തിന് ഇരയാക്കാന്‍ റോയിയെ െഷെജുവും അഞ്ജലിയും സഹായിച്ചെന്ന് പോലീസ് പറയുന്നു. വിവരം പുറത്തു പറഞ്ഞാല്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രതികള്‍ പുറത്തു വിടുമെന്ന് ഭീഷണിപെപ്ടുത്തിയെന്നും പരാതിയിലുണ്ട്. റോയിയുടെയും മറ്റു കൂട്ടാളികളുടെയും മൊഴി രേഖപ്പെടുത്തിയ ശേഷം അറസ്റ്റിലേക്ക് കടക്കാനാണ് പോലീസ് തീരുമാനം.
കഴിഞ്ഞ നവംബര്‍ ഒന്നിന് രാത്രിയിലാണ് മോഡലുകള്‍ സഞ്ചരിച്ചിരുന്ന കാര്‍ എറണാകുളം ബൈപാസില്‍ ഹോളിഡേ ഇന്‍ ഹോട്ടലിന് മുന്നിലെ മരത്തില്‍ ഇടിച്ച് തകര്‍ന്നത്. മിസ് സൗത്ത് ഇന്ത്യ അന്‍സി കബീര്‍, മിസ് കേരള റണ്ണര്‍ അപ് അഞ്ജനാ ഷാജന്‍, തൃശൂര്‍ സ്വദേശിയായ മുഹമ്മദ് ആഷിഖ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്.


