പാലക്കാട്: മലമ്പുഴയിലെ മലയിടുക്കില്‍ നിന്നും രക്ഷപ്പെടുത്തിയ ചെറാട് സ്വദേശി ബാബു(23) ആശുപത്രി വിട്ടു. പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സ പൂര്‍ത്തായാക്കിയ ശേഷമാണ് ആശുപത്രി വിട്ടത്. എല്ലാം ഓക്കെയാണെന്നും മറ്റു പ്രശ്നങ്ങളില്ലെന്നും ബാക്കി കാര്യങ്ങള്‍ വീട്ടിലെത്തിയ ശേഷം പറയാമെന്നും ബാബു മാധ്യമങ്ങളോട് പ്രതികരിച്ചു.
43 മണിക്കൂര്‍ നീണ്ടുനിന്ന രക്ഷാദൗത്യത്തിനൊടുവിലാണ് സൈനികര്‍ ബാബുവിനെ സുരക്ഷിതമായി രക്ഷപ്പെടുത്തിയത്. ബുധനാഴ്ച രാവിലെ 9.30ന് കരസേനയുടെ മദ്രാസ് റെജിമെന്റിലെ സൈനികരാണ് ബാബുവിനെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത്. മലമുകളില്‍ നിന്നും എയര്‍ ലിഫ്റ്റ് ചെയ്ത് കഞ്ചിക്കോട്ടെ ബെമല്‍ ഗ്രൗണ്ടില്‍ എത്തിച്ചശേഷം ആംബുലന്‍സില്‍ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിയിലേക്ക് മാറ്റുകയായിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘമാണ് ബാബുവിനെ പരിശോധിച്ചത്.
തിങ്കളാഴ്ച രാവിലെ 11നാണ് അപകടം. മലമുകളില്‍ കയറിയ മൂന്നംഗ സംഘത്തില്‍പ്പെട്ട ബാബു കാല്‍വഴുതി മലയിടുക്കിലേക്ക് വീഴുകയായിരുന്നു. സംഘത്തിലുണ്ടായിരുന്നവര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നാണ് അപകടം പുറംലോകമറിഞ്ഞത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു.


