തിരുവനന്തപുരം: കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍. ഉത്സവങ്ങളില്‍ പരമാവധി 1,500 പേരെ പങ്കെടുപ്പിക്കാന്‍ അനുമതി നല്കി. ആലുവ ശിവരാത്രി, മാരാമണ്‍ കണ്വന്ഷന്, ആറ്റുകാല്‍ പൊങ്കാല ഉള്‍പ്പെടെയുള്ള എല്ലാ മതപരമായ ഉത്സവങ്ങള്‍ക്കും 25 ചതുരശ്ര അടിയില്‍ ഒരാള്‍ എന്ന നിലയില്‍ പരമാവധി 1500 പേരെ പങ്കെടുപ്പിക്കാം.
എന്നാല്‍, ആറ്റുകാല്‍ പൊങ്കലയ്ക്ക് റോഡുകളില്‍ പൊങ്കാല ഇടാന്‍ അനുമതിയില്ല. വീടുകളില്‍ തന്നെ പൊങ്കാല ഇടണമെന്നാണ് നിര്‍ദേശം. 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്.ടി.പി.സി.ആര്. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ മൂന്ന് മാസത്തിനുള്ളില്‍ കോവിഡ് വന്നതിന്റെ രേഖയോ ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ കൊണ്ടുവരണം. രോഗ ലക്ഷണങ്ങളില്ലാത്ത 18 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് കുടുംബാംഗങ്ങളോടൊപ്പം ചടങ്ങില്‍ പങ്കെടുക്കാം.
പരിപാടിയുടെ സംഘാടകര്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണം. പങ്കെടുക്കുന്ന എല്ലാവരും മാസ്ക് മുഴുവന്‍ സമയവും ഉപയോഗിക്കുന്നുണ്ടെന്ന് കൃത്യമായി ഉറപ്പുവരുത്തണം. പന്തലില്‍ ആഹാരസാധനങ്ങള്‍ വിതരണം ചെയ്യാന്‍ പാടില്ലെന്നുമാണ് മാര്‍ഗ്ഗ നിര്‍ദ്ദേശം.


