ശബരിമലയില്‍ 36 വര്‍ഷം മുമ്പ് എത്തിയതിന്റെ ഓര്‍മകള്‍ പങ്കിട്ട് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ‘സബ് കളക്ടറായിരിക്കെ 32 മിനിറ്റ് കൊണ്ടാണ് ശബരിമലയില്‍ കയറിച്ചെന്നത്. എന്നാല്‍ ഈ പ്രായത്തില്‍ ഒന്നേകാല്‍ മണിക്കൂര്‍ വേണ്ടിവന്നു. ശബരിമലയിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനുള്ളതാണ് 106 കോടി രൂപയുടെ ‘സുഖദര്‍ശനം’ പദ്ധതിയെന്നും കണ്ണന്താനം പറഞ്ഞു. ശബരിമലയില്‍ ധാരാളം മാറ്റങ്ങള്‍ ഉണ്ടായി. ഇപ്പോള്‍ മുന്‍കാലത്തേക്കാള്‍ സൗകര്യങ്ങളുണ്ട്. ഇനിയും വേണ്ടത് ചെയ്യുക എന്നതാണ് സര്‍ക്കാരുകളുടെയും ദേവസ്വം ബോര്‍ഡിന്റെയും ലക്ഷ്യം. പ്ലാസ്റ്റിക് ഉപേക്ഷിക്കുന്ന ഒരു സംസ്‌കാരം ഉണ്ടാകണം. അതീവ പരിസ്ഥിതി പ്രാധാന്യമുള്ള ശബരിമലയില്‍ പ്ലാസ്റ്റിക് കുന്നുകൂടുന്നത് പ്രകൃതിക്കും വന്യമൃഗങ്ങള്‍ക്കും ഭീഷണിയാണ്. പൂര്‍ണമായും പ്ലാസ്റ്റിക് ഒഴിവാക്കിക്കൊണ്ട് ഈ തീര്‍ഥാടനകാലം പൂര്‍ത്തിയാക്കുന്നതിന് തീര്‍ഥാടകരും ഇതിനാവശ്യമായ ബോധവത്കരണം നല്‍കുന്നതിന് വിവിധ ഏജന്‍സികളും ശ്രദ്ധിക്കണമെന്ന് കണ്ണന്താനം പറഞ്ഞു. ശബരിമല വികസനപദ്ധതികളുടെ ഭാഗമായുള്ള രണ്ടു പദ്ധതികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞമാസം തുടക്കം കുറിച്ചിരുന്നു. ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നിര്‍മിക്കുന്ന പുണ്യദര്‍ശനം കോംപ്ലെക്സ്, ദേവസ്വം ബോര്‍ഡ് നിര്‍മിക്കുന്ന ജലസംഭരണി എന്നിവയുടെ തറക്കല്ലിടലാണ് നടത്തിയത്. കേന്ദ്രസഹായം കൂടി ലഭമാകുന്നതോടെ ശബരിമല വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂടും



