എന്‍ കെ പ്രേമചന്ദ്രന്‍ എംപിക്കെതിരെ പരാതിയുമായി ബിന്ദു അമ്മിണി. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട നടത്തിയ പരാമര്‍ശത്തിലാണ് കൊയിലാണ്ടി പോലിസില്‍ പരാതി നല്‍കിയിരിക്കുന്നത്.
പൊറോട്ടയും ബീഫും നല്‍കി രഹന ഫാത്തിമയെയും ബിന്ദു അമ്മിണിയെയും ശബരിമലയില്‍ എത്തിച്ച പിണറായി സര്‍ക്കാര്‍ വിശ്വാസത്തെ വികലമാക്കി എന്നും അതേ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ആഭ്യന്തര വകുപ്പും ആള്‍ക്കാരുമാണ് പമ്പയില്‍ ആഗോള അയ്യപ്പ സംഗമം നടത്തിയത് എന്നുമായിരുന്നു എന്‍ കെ പ്രേമചന്ദ്രന്റെ പ്രസ്താവന. ഈ പ്രസ്താവന തെറ്റാണെന്നും അധിക്ഷേപകരം ആണെന്നും തന്റെ അന്തസ്സിനും പ്രശസ്തിക്കും കളങ്കം വരുത്തുന്നതാണെന്നും ബിന്ദു അമ്മിണി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
പാലയിലെ ഗസ്റ്റ് ഹൗസിലോ കോട്ടയം പോലീസ് ക്ലബ്ബിലോ പോയിട്ടില്ലെന്നും തന്റെ പേരിനൊപ്പം രഹന ഫാത്തിമയുടെ പേര് നല്‍കിയത് ഒരു മുസ്ലിം വനിതയുടെ നാമം തന്റെ പേരിനൊപ്പം ചേര്‍ക്കണം എന്ന ദുരുദ്ദേശത്തോട് കൂടിയാണെന്നും ഇതിനുശേഷം താന്‍ വലിയ രീതിയിലുള്ള അധിക്ഷേപങ്ങളും സോഷ്യല്‍ മീഡിയ അറ്റാക്കും നേരിടുന്നു എന്നും ബിന്ദു അമ്മിണിയുടെ പരാതിയില്‍ പറയുന്നു.
മതസൗഹാര്‍ദ്ദം തകര്‍ക്കുക കൂടി ലക്ഷ്യമിട്ടാണ് അദ്ദേഹത്തിന്റെ പരാമര്‍ശം, ഷെഡ്യൂള്‍ഡ് കാസ്റ്റില്‍ പെട്ട ഒരാളെ കരുതിക്കൂട്ടി അപമാനിക്കുക എന്നൊരു ഉദ്ദേശവും അദ്ദേഹത്തിന്റെ വാക്കുകള്‍ക്കുണ്ട്. എന്‍ കെ പ്രേമചന്ദ്രന്‍ നിയമബിരുദധാരിയാണെന്നും തന്റെ വാക്കുകളുടെ പരിണിതഫലം അറിയാതെ അല്ല അദ്ദേഹത്തിന്റെ പരാമര്‍ശം എന്നും ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കേണ്ട ഒരു പാര്‍ലമെന്റ് അംഗത്തില്‍ നിന്നുണ്ടായ പരാമര്‍ശത്തിനെതിരെ കേസെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.










