പ്രൊമോഷന്‍ വീഡിയോ: ആശ ശരതിന് പണിയാകും..!! കട്ടപ്പന പോലീസിന് തലവേദന; കേസുമായി അഭിഭാഷകന്‍

തന്റെ പുതിയ സിനിമയുടെ പ്രൊമോഷന് വേണ്ടി ഭര്‍ത്താവിനെ കാണ്മാനില്ലെന്ന് പറഞ്ഞ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ആശ ശരത് പുലിവാലി പിടിക്കുന്നു. സിനിമയ്ക്ക് വേണ്ടിയുള്ളതാണെന്ന് ഒറ്റ നോട്ടത്തില്‍ തോന്നാത്ത രീതിയിലാണ് വീഡിയോ ചിത്രീകരിച്ചിരുന്നത്. മേക്കപ്പില്ലാതെ എത്തിയ ആശ ശരത് വളരെ സ്വാഭാവികമെന്നോണം കാര്യങ്ങള്‍ അവതരിപ്പിക്കുകയായിരുന്നു

കാര്യങ്ങള്‍ കൈവിട്ടുപോകുന്നെന്ന് തോന്നിയതിന് ശേഷമാണ് പ്രൊമോഷന്‍ വീഡിയോ ആണെന്ന ക്യാപ്ഷന്‍ നല്‍കിയത്. അതിനിടെ വീഡിയോ പതിനായിരത്തോളം പേര്‍ കാണുകയും ആയിരത്തോളം ലൈക്കുകള്‍ ലഭിക്കുകയും ചെയ്തിരുന്നു. ഭര്‍ത്താവിനെ കാണാനില്ലെന്നും വിവരം ലഭിക്കുന്നവര്‍ കട്ടപ്പന സ്റ്റേഷനില്‍ അറിയക്കണമെന്നുമായിരുന്നു വീഡിയോയില്‍ പറഞ്ഞിരുന്നത്. ഇത് കട്ടപ്പന പോലീസ് സ്‌റ്റേഷനും പിടിപ്പത് പണിയായി.

സംഭത്തിന്റെ യാഥാര്‍ത്ഥ്യം അറിയാന്‍ കട്ടപ്പന പൊലീസ് സ്റ്റേഷനില്‍ നിരവധിപ്പേരാണ് വിളിച്ചന്വേഷിക്കുന്നത്. കാര്യം സത്യമാണോ എന്നറിയുവാന്‍ വേണ്ടിയാണ് സ്റ്റേഷനിലേയ്ക്ക് ആളുകള്‍ വിളിക്കുന്നത്. ഇതോടെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും തലവേദനയായി. ഔദ്യോഗിക മൊബൈലിലേക്കുവരെ ഫോണ്‍ വന്നെന്നും സിനിമയുടെ പ്രചാരണമാണെന്ന് വിളിച്ചവരെ ബോധ്യപ്പെടുത്തേണ്ട ഗതികേടിലാണെന്നും എസ്ഐ സന്തോഷ് സജീവന്‍ പറയുന്നു.

അതേസമയം, പൊലീസിന്റെ പേരും ഔദ്യോഗിക വിവരങ്ങളും മുന്‍കൂര്‍ അനുമതിയില്ലാതെ വ്യാജമായി ഉപയോഗിച്ചതിനും പൊലീസിനെ തെറ്റിദ്ധരിപ്പിക്കുന്നരീതിയില്‍ വ്യാജ വീഡിയോ പ്രചരിപ്പിച്ചതിനും ആശാ ശരത്തിനെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ ശ്രീജിത്ത് പെരുമന ഇടുക്കി ജില്ലാ പോലീസ് മേധാവിക്ക് പരാതിനല്‍കി. ഐ.പി.സി. 107, 117, 182 വകുപ്പുകള്‍, ഐ.ടി. ആക്ട് സിആര്‍പിസി. വകുപ്പുകള്‍, കേരള പൊലീസ് ആക്ട് എന്നിവ പ്രകാരം ഇത് കുറ്റകരമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, സാമൂഹികമാധ്യമങ്ങളിലൂടെ നടക്കുന്ന വ്യാജ പ്രചാരണങ്ങളെ അടിയന്തരമായി നിയന്ത്രിക്കണമെന്ന് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി ലോക്സഭയില്‍ പ്രസ്താവിച്ച അതേ ദിവസമാണ് ഇത്തരമൊരു സംഭവം നടന്നതെന്നും ചൂണ്ടിക്കാട്ടി.

Top