കൊച്ചി: കോവിഡ് പോസിറ്റീവായി 30 ദിവസത്തിനുള്ളില്‍ ആത്മഹത്യ ചെയ്തവരുടെ ആശ്രിതര്‍ക്കും നഷ്ട പരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇത് സംബന്ധിച്ച് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് വകുപ്പ് ഉത്തരവിറക്കി. കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നല്‍കുന്ന 50,000 രൂപ തന്നെയാണ് ജീവനൊടുക്കിയവരുടെ കുടുംബങ്ങള്‍ക്ക് നല്‍കുന്നത്.
ഇങ്ങനെ ആത്മഹത്യ ചെയ്തവരുടെ ബന്ധുക്കള്‍ ധനസഹായത്തിനായി അപേക്ഷ സമര്‍പ്പിക്കണം. സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരം എല്ലാ സംസ്ഥാനങ്ങളും കോവിഡ് പേസിറ്റീവായി മരിച്ചവരുടെ ആശ്രിതര്‍ക്ക് 50,000 രൂപ നഷ്ട പരിഹാരം നല്‍കുന്നുണ്ട്. ഇതില്‍ ഒരു പടികൂടി കടന്നാണ് ആത്മഹത്യ ചെയ്തവരുടെ ആശ്രിതര്‍ക്കും നഷ്ട പരിഹാരം നല്‍കാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനം.
കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം ഇപ്പോള്‍ 60,000 കടന്നിട്ടുണ്ട്. ഇവരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ട പരിഹാര വിതരണം പൂര്‍ത്തിയായി വരുന്നു. സര്‍ക്കാര്‍ കണക്കിലുള്ള എല്ലാവര്‍ക്കും ധനസഹായം വിതരണം ചെയ്ത് മാര്‍ച്ച് ആദ്യവാരം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദ്ദേശം.
ആത്മഹത്യ ചെയ്യുന്നവരുടെ കുടുംബങ്ങള്‍ക്കും സഹായം നല്‍കുന്ന വിവരം സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിക്കും. കോവിഡ് ബാധിച്ച് നിരവധി പേരാണ് ജീവനൊടുക്കിയത്.


