കേരളത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കഴിയാത്തത് കോൺഗ്രസിന്റെ സംഘടനാപരമായ ദൗർബല്യമാണെന്ന് ആനി രാജ വിമർശിച്ചു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ഒരാഴ്ച പിന്നിട്ടിട്ടും മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് വ്യക്തമായ തീരുമാനം കൈക്കൊള്ളാൻ കഴിയാത്തത് ജനങ്ങളുടെ അവകാശങ്ങൾ നിഷേധിക്കുന്നതിന് തുല്യമാണെന്നും അവർ പറഞ്ഞു.
രാഷ്ട്രീയ പ്രവർത്തനത്തിൽ ദീർഘകാല പരിചയമുള്ള സ്ത്രീകൾ കോൺഗ്രസിൽ വിജയിച്ച് എത്തിയിട്ടുണ്ടെങ്കിലും, മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ചർച്ചകളിൽ സ്ത്രീകളെ പരിഗണിക്കാത്തത് എന്തുകൊണ്ടാണെന്ന് ആനി രാജ ചോദിച്ചു. പുരുഷ നേതാക്കളെ മാത്രം കേന്ദ്രീകരിച്ച് നടക്കുന്ന ചർച്ചകൾ പാർട്ടിക്കകത്ത് വിജയിച്ചെത്തിയ വനിതാ നേതാക്കളെ അപമാനിക്കുന്നതിന് തുല്യമാണെന്നും അവർ ആരോപിച്ചു.
സ്ത്രീകൾക്ക് അധികാര സ്ഥാനങ്ങളിൽ കൂടുതൽ പ്രാതിനിധ്യം നൽകേണ്ടതിന്റെ ആവശ്യകതയും ആനി രാജ ചൂണ്ടിക്കാട്ടി. ഇടതുപക്ഷ പാർട്ടികൾ അടക്കമുള്ള എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇത്തരം വിഷയങ്ങളിൽ കൂടുതൽ ഗൗരവത്തോടെ ആലോചിക്കേണ്ട സമയമാണിതെന്നും അവർ പറഞ്ഞു. വനിതാ മുഖ്യമന്ത്രി എന്ന ആശയം മുന്നോട്ടുവച്ചത് തന്നെ രാഹുൽ ഗാന്ധി കേരളത്തിലായിരുന്നുവെന്നും ആനി രാജ ഓർമ്മിപ്പിച്ചു.
അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള അനിശ്ചിതത്വം കോൺഗ്രസിൽ തുടരുകയാണ്. ഇന്ന് പോലും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനുള്ള സാധ്യത കുറവാണെന്നാണ് സൂചന. വിഷയത്തിൽ അന്തിമ തീരുമാനത്തിനായി മുൻ കെപിസിസി അധ്യക്ഷൻമാരെയും വർക്കിങ് പ്രസിഡന്റുമാരെയും എഐസിസി ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പൊതുവികാരം വിലയിരുത്തുന്നതിനായി എഐസിസി മൂന്ന് രഹസ്യ നിരീക്ഷകരെയും നിയോഗിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
കോൺഗ്രസിന്റെ മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നു. പ്രഖ്യാപനം പോര് അടങ്ങിയിട്ട് മതിയെന്ന് ഹൈക്കമാന്‍ഡ്.









