രാഷ്ട്രപതി പങ്കെടുക്കുന്ന പരിപാടിയില്‍ എ.ജിക്ക് സ്ഥാനമില്ല; ബഹിഷ്‌കരിക്കുമെന്ന് സര്‍ക്കാര്‍ അഭിഭാഷകര്‍

കേരള ഹൈക്കോടതി വജ്രജൂബിലി ആഘോഷങ്ങളില്‍ അഡ്വക്കേറ്റ് ജനറലിന് സ്ഥാനമില്ല. ഇതേത്തുടര്‍ന്ന് രാഷ്ട്രപതി പങ്കെടുക്കുന്ന പരിപാടി ബഹിഷ്‌കരിക്കുമെന്ന ഭീഷണിയുയര്‍ത്തി സര്‍ക്കാര്‍ അഭിഭാഷകരും രംഗത്തെത്തി. അഡ്വക്കേറ്റ് ജനറല്‍ സി പി സുധാകരപ്രസാദിന് വേദിയില്‍ ഇടം നല്‍കിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ അഭിഭാഷകര്‍ ചീഫ് സെക്രട്ടറിക്ക് കത്തു നല്‍കി. സംസ്ഥാന അഭിഭാഷക സമൂഹത്തിന്റെ തലവനാണ് എ ജിയെന്നും അദ്ദേഹത്തിന് മതിയായ പ്രാതിനിധ്യം വേദിയില്‍ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടാണ് സര്‍ക്കാരിന് കത്തു നല്‍കിയത്. സംസ്ഥാനത്താകെ ഏകദേശം നൂറ്റിനാല്‍പതില്‍ പരം അഭിഭാഷകരാണ് എ ജിയുടെ കീഴില്‍ വിവിധ സര്‍ക്കാര്‍ കേസുകളില്‍ കോടതികളില്‍ ഹാജരാകുന്നത്. രാഷ്ട്രപതി പങ്കെടുക്കുന്ന പരിപാടിയായതിനാല്‍ ഹൈക്കോടതിക്ക് ഇതില്‍ തീരുമാനമെടുക്കാനാകില്ല. നേരത്തെ തയ്യാറാക്കിയ പട്ടികയില്‍ സംസ്ഥാന ചീഫ് സെക്രട്ടറിക്കുപോലും സ്ഥാനമുണ്ടായിരുന്നില്ല. രാഷ്ട്രപതി ഭവനുമായി ബന്ധപ്പെട്ട ശേഷമാണ് ചീഫ് സെക്രട്ടറിക്ക് വേദിയിലിടം നേടാനായത്. ഈ മാസം 28നാണ് ഹൈക്കോടതിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനം.

Top