ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പാര്‍പ്പിട സമുച്ചയം നിര്‍മിക്കുന്നതിനുള്ള കേരള സര്‍ക്കാറിന്റെ പദ്ധതി ‘അപ്‌നാ ഘര്‍’ പൂര്‍ത്തിയായി. സംസ്ഥാന തൊഴില്‍ വകുപ്പിന്റെയും കിറ്റ്‌കോയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ തൃശൂരിലെ കോസ്റ്റ്‌ഫോര്‍ഡിനായിരുന്നു കെട്ടിടത്തിന്റെ നിര്‍മാണച്ചുമതല. കഞ്ചിക്കോട് നിര്‍മാണം പൂര്‍ത്തിയായ കെട്ടിടം ജനുവരിയില്‍ താമസത്തിന് തുറന്ന് കൊടുക്കും. ഇന്ത്യയില്‍ ആദ്യമായാണ് ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് താമസിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സംവിധാനമൊരുക്കുന്നത്. കഞ്ചിക്കോട് കിന്‍ഫ്ര പാര്‍ക്കില്‍ 69 സെന്റിലാണ് പാര്‍പ്പിടം നിര്‍മ്മിച്ചിരിക്കുന്നത്. കിന്‍ഫ്രയില്‍നിന്ന് 30 കൊല്ലത്തേക്ക് പാട്ടത്തിനെടുത്ത ഭൂമിയാണിത്. പാര്‍പ്പിടങ്ങള്‍ തൊഴിലാളികള്‍ക്ക് മാസ, ആഴ്ച വാടകകള്‍ക്ക് നല്‍കാനാണ് നീക്കം. 45,000 ചതുരശ്രയടി വിസ്തൃതിയുള്ള കെട്ടിടത്തില്‍ 64 മുറിയുണ്ട്. ഒരു മുറിയില്‍ 12 പേര്‍ക്ക് താമസിക്കാം. 32 അടുക്കള, 96 ടോയ്‌ലറ്റ്, എട്ട് ഊണുമുറി, കുളിക്കാനും വസ്ത്രം അലക്കാനും വിശാലമായ സൗകര്യം എന്നിവയടങ്ങുന്നതാണ് ‘അപ്ന ഘര്‍. പത്തുകോടി രൂപയാണ് ‘നമ്മുടെ വീട്’ എന്നര്‍ത്ഥമുള്ള അപ്‌നാ ഘറിന്റെ നിര്‍മാണ ചിലവ്. ഇരുപത്തിനാല് മണിക്കൂറും സെക്യൂരിറ്റി സംവിധാനം, ഹോസ്റ്റല്‍ വൃത്തിയാക്കാന്‍ പ്രത്യേക ഏജന്‍സി എന്നിവയുമുണ്ടാവും. എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളില്‍ അടുത്ത ഘട്ടമായി അപ്നാ ഘര്‍ നിര്‍മിക്കും.


