കാമുകിയെ കാണാന്‍ കൗമാരക്കാരന്‍ അര്‍ദ്ധരാത്രി കാറുമായി തിരിച്ചു; വണ്ടിയിടിച്ചു; കിണറ്റിലും വീണു  

 

 

കൊച്ചി : അര്‍ദ്ധരാത്രി കാമുകിയെ കാണാന്‍ ഇറങ്ങിത്തിരിച്ച കൗമാരക്കാരന്‍ കിണറ്റില്‍ വീണു. കൊച്ചിയില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. അര്‍ദ്ധ രാത്രിയില്‍ കാമുകി കൗമാരക്കാരന് സന്ദേശമയയ്ക്കുന്നു. ‘ഇപ്പോള്‍ വന്നാല്‍ എത്ര ഉമ്മ വേണമെങ്കിലും തരാം.’ഏതാണ്ട് ഒരു മണിയോടെയാണ് സന്ദേശം വന്നത്. ഉടന്‍ കൗമാരക്കാരന്‍ അച്ഛന്റെ കാറുമെടുത്ത് ഇറങ്ങിത്തിരിച്ചു. എന്നാല്‍ നേരെ ചെന്നുപെട്ടത് പൊലീസ് ചെക്കിംഗില്‍. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ലൈസന്‍സില്ല. പൊലീസിനെ കണ്ട കുട്ടി കാര്‍ തിരിച്ച് ഇടറോഡില്‍ പ്രവേശിച്ചു. എന്നാല്‍ നേരെ ചെന്നുപെട്ടത് മറ്റൊരു പട്രോളിങ് സംഘത്തിന്റെ മുന്‍പില്‍.  പൊടുന്നനെ വണ്ടി തിരിക്കാന്‍ ശ്രമിച്ചതും പോസ്റ്റിലിടിച്ചു. പിന്നെയും തിരിക്കാന്‍ ശ്രമിച്ചപ്പോള്‍ വീടിന്റെ മതിലിലാണ് ഇടിച്ചത്. ഇതോടെ ഭയപ്പെട്ട കുട്ടി കാര്‍ ഉപേക്ഷിച്ച് ഇറങ്ങിയോടി. അതോടെ ഉപേക്ഷിക്കപ്പെട്ട കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.എന്നാല്‍ മതില്‍ ചാടിക്കടന്നപ്പോള്‍ കുട്ടി അബദ്ധത്തില്‍ പൊട്ടക്കിണറ്റിലാണ് വീണത്. 50 അടി താഴ്ചയിലേക്കാണ് പതിച്ചത്. വീട്ടുടമസ്ഥന്‍ സംഭവം അറിഞ്ഞതേയില്ല. പുലര്‍ച്ചെ വീട്ടുകാരന്‍ ഉണര്‍ന്നപ്പോഴാണ് കിണറ്റില്‍ നിന്ന് രക്ഷിക്കണേയെന്ന വിളികള്‍ കേള്‍ക്കുന്നത്. ഇതേ തുടര്‍ന്ന് പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരമറിയിച്ചു. ഇവര്‍ വന്ന് കുട്ടിയെ കരയ്‌ക്കെത്തിച്ചു.  തുടര്‍ന്നാണ് കൗമാരക്കാരന്‍ സംഭവം വെളിപ്പെടുത്തിയത്. പ്രായപൂര്‍ത്തിയാകാത്ത മകന്‍ കാറെടുത്തതിന് മാതാപിതാക്കള്‍ പിഴയൊടുക്കണം. ഇലക്ട്രിക് പോസ്റ്റ് തകര്‍ത്തതിനും പണമടയ്‌ക്കേണ്ടതുണ്ട്. ഇരു കുടുംബങ്ങളെയും താക്കീത് ചെയ്തതല്ലാതെ സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടില്ല.

Top