കുടുംബവോട്ടുകൾ ലക്ഷ്യം വച്ച് പാലായിൽ പോര്: ജോസ് കെ.മാണിയ്‌ക്കെതിരെ പി.സി തോമസും മാണി സി.കാപ്പനും; ബി.ജെ.പി ലക്ഷ്യം കേരള കോൺഗ്രസ് തകർച്ച

കോട്ടയം: മാണി സി.കാപ്പന്റെ കൂറുമാറ്റത്തോടെ നിർണ്ണായകമായ പാലാ സീറ്റിൽ ഇനി നടക്കുക പ്രസ്റ്റീജ് പോരാട്ടം. ഇടതു മുന്നണി സ്ഥാനാർത്ഥിയായി ജോസ് കെ.മാണിയും, യു.ഡി.എഫ് സ്ഥാനാർത്ഥിയായി മാണി സി.കാപ്പനും എത്തുന്നതിനു പിന്നാലെ എൻ.ഡി.എ സ്ഥാനാർത്ഥിയായി പി.സി തോമസിനെയും പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ തവണ ബി.ജെ.പി മത്സരിച്ച സീറ്റ് ഇക്കുറി കേരള കോൺഗ്രസിനു വിട്ടു നൽകി വിജയിക്കുന്നതിനും, എൻ.ഡി.എ മുന്നണിയുടെ സീറ്റ് വർദ്ധിപ്പിക്കുന്നതിനുമാണ് ഇപ്പോൾ നേതൃത്വം ആലോചിക്കുന്നത്. ഇടഞ്ഞ് നിൽക്കുന്ന പി.സി തോമസിനെ ഒപ്പം നിർത്താനും പദ്ധതിയുണ്ട്.

പാലായിൽ ഏതു സ്ഥാനാർത്ഥി വിജയിച്ചാലും നിർണ്ണായകമാകുക കുടുംബ ബന്ധങ്ങൾ തന്നെയാകും. മാണി സി.കാപ്പനും, ജോസ് കെ.മാണിയ്ക്കും, പി.സി തോമസിനും പാലായിൽ ഒരു പോലെ കുടുംബ ബന്ധങ്ങളുണ്ട്. മൂന്നു പേർക്കും പാർട്ടിയ്ക്കുപരിയായുള്ള സൗഹൃദങ്ങളും മണ്ഡലത്തിലുണ്ട്. അച്ഛന്റെ വ്യക്തിബന്ധങ്ങളാണ് ജോസ് കെ.മാണിയ്ക്ക് അൽപം മുൻതൂക്കം നൽകുന്ന ഘടകം.

എന്നാൽ, കഴിഞ്ഞ ഒന്നര വർഷത്തോളമായി എം.എൽ.എ ആയിരുന്ന മാണി സി.കാപ്പനുണ്ടാക്കിയ പേരും പെരുമയും കേരള കോൺഗ്രസിന് മറികടക്കാനാവുമോ എന്നു സംശയിക്കുന്നവരുമുണ്ട്. ഇത് കൂടാതെയാണ് മാണി സി.കാപ്പന്റെ, കാപ്പൻ ഫാമിലിയ്ക്ക് മണ്ഡലത്തിലുള്ള വോട്ട്. കൃത്യമായ കോൺഗ്രസ്-യു.ഡി.എഫ് വോട്ട് പെട്ടിയിൽ വീഴുകയും കാപ്പൻ കുടുംബം ഒപ്പം നിൽക്കുകയും ചെയ്താൽ മാണി സി.കാപ്പന് സുഖമായി വിജയിച്ചു കയറാം.

ജോസ് കെ.മാണിയെ മൂവാറ്റുപുഴയിൽ മലർത്തിയടിച്ച ഓർമ്മകൾ കൈവശമുള്ള പി.സി തോമസ് ഇക്കുറി ലക്ഷ്യമിടുന്നത് വിജയത്തിൽ കുറഞ്ഞൊന്നുമാവില്ല. പഴയ ശൗര്യമില്ലെങ്കിലും ബി.ജെ.പി വോട്ടുകളിലും തന്റെ കുടുംബ ബന്ധങ്ങളിലും തന്നെയാവും കെ.എം മാണിയുടെ പഴയ അടുപ്പക്കാരൻ ലക്ഷ്യമിടുന്നത്. ഈ വോട്ടുകളിലൂടെ ജോസ് കെ.മാണിയെ അട്ടിമറിക്കാനാവുമെന്നാണ് ഇപ്പോൾ പി.സി തോമസ് പ്രതീക്ഷിക്കുന്നതും. ഇത് തന്നെയാണ് മണ്ഡലത്തെ പ്രവചനാതീതമാക്കുന്നത്.

Top