പ്രമുഖ പത്രങ്ങളില്‍ സ്വന്തം ചരമ പരസ്യം നല്‍കിയശേഷം തളിപ്പറമ്പ് സ്വദേശി അപ്രത്യക്ഷനായി  

 

 

കണ്ണൂര്‍ : പത്രങ്ങളില്‍ സ്വന്തം ചരമ പരസ്യം നല്‍കിയ ശേഷം 74 കാരനെ കാണാനില്ലെന്ന് പരാതി. കണ്ണൂര്‍ തളിപ്പറമ്പ് കുറ്റിക്കോല്‍ സ്വദേശി ജോസഫ് മേലുക്കുന്നേലാണ് പത്രങ്ങളില്‍ ചരമ വാര്‍ത്ത നല്‍കിയ ശേഷം അപ്രത്യക്ഷനായത്. മലയാള മനോരമ, മാതൃഭൂമി, ദീപിക എന്നീ പത്രങ്ങളില്‍ ആണ് പരസ്യം നല്‍കിയത്. തന്റെ കുടുംബ പശ്ചാത്തലവും ജീവിത നാള്‍വഴികളും വിവരിക്കുന്നതാണ് പരസ്യം. ചരമ കോളത്തിന് പുറമെ ഉള്‍പ്പേജില്‍ വര്‍ണപ്പരസ്യമടക്കം നല്‍കാന്‍ ലക്ഷങ്ങള്‍ ചെലവഴിച്ചിട്ടുണ്ട്. ഇദ്ദേഹം തന്നെ പരസ്യം തയ്യാറാക്കി മാതൃഭൂമി പയ്യന്നൂര്‍ ബ്യൂറോയില്‍ നേരിട്ടെത്തി ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് മനോരമ, ദീപിക എന്നിവയില്‍ നല്‍കാനായി പണവും ഏല്‍പ്പിച്ചു. പിന്നീട് ഇദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവുമില്ല. പത്രത്തില്‍ പരസ്യം വന്നതോടെ ബന്ധുക്കളും നാട്ടുകാരും അമ്പരന്നു. ഇവരില്‍ പലരും വീട്ടുകാരെ ബന്ധപ്പെട്ടപ്പോഴാണ് ഇദ്ദേഹത്തെ കാണ്‍മാനില്ലെന്ന് അറിയുന്നത്. ഇതിനിടെ കുടുംബം പൊലീസിനെ സമീപിച്ചു. ജോസഫിന് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്. അസുഖങ്ങളെ തുടര്‍ന്ന് ഇദ്ദേഹം കുറച്ചുനാളായി ചികിത്സയിലായിരുന്നുവെന്ന് പ്രദേശവാസികള്‍ വ്യക്തമാക്കുന്നു.

Top