പാലക്കാട്: ഒറ്റപ്പാലം ആഷിഖ് കൊലപാതകത്തിന് കാരണം പ്രതി ഫിറോസ് വിദേശത്തേക്ക് പോകുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമെന്ന് പോലീസ്. ഇരുവരും നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയായിരുന്നു. എന്നാല്‍, ഒരുമിച്ചുള്ള കേസുകള്‍ ഒറ്റയ്ക്ക് നടത്താനാകില്ലെന്ന് ആഷിഖ് അറിയിച്ചതും തര്‍ക്കത്തെത്തുടര്‍ന്ന് കൊലപാതകം നടക്കുകയുമായിരുന്നു.
ഫിറോസിനെ ആക്രമിക്കാന്‍ ആഷിഖ് ഉപയോഗിച്ച കത്തി പിടിച്ചു കഴുത്തില്‍ തിരികെ കുത്തിയാണ് ആഷിഖിനെ കൊലപ്പെടുത്തിയത്. പോസ്റ്റ്‌മോര്‍ട്ടം ബുധനാഴ്ച്ച നടക്കും. സംഭവ സ്ഥലത്ത് തിരച്ചില്‍ നടത്തിയെങ്കിലും കൊലയ്ക്കുപയോഗിച്ച ആയുധം കണ്ടെത്തിയില്ല. രണ്ടു മാസം മുമ്പായിരുന്നു കൊലപാതകം. 2015ല്‍ നടന്ന മോഷണക്കേസില്‍ അറസ്റ്റിലായതോടെയാണ് കൊലപാതക വിവരവും പുറത്തറിയുന്നത്.
മോഷണക്കേസിലെ കൂട്ടുപ്രതിയും സുഹൃത്തുമായ ആഷിഖിനെ താന്‍ കൊന്ന് കുഴിച്ചു മൂടിയെന്ന് ഫിറോസ് പോലീസിനോട് പറയുകയായിരുന്നു. ആഷിഖിനെ കണ്ടെത്തനായുള്ള ചോദ്യം ചെയ്യലിലായിരുന്നു പ്രതിയുടെ വെളിപ്പെടുത്തല്‍. ഡിസംബറില്‍ ആഷിഖിനെ കൊന്നെന്നും ആളൊഴിഞ്ഞ പറമ്പില്‍ കുഴിച്ചിട്ടെന്നുമായിരുന്നു ഇയാളുടെ മൊഴി.


