കോട്ടയം:പി എം ശ്രീ പദ്ധതിയെക്കുറിച്ച് മുന്നണിക്കുള്ളിലും പൊതുസമൂഹത്തിനിടയിലും ഉയരുന്ന ആശങ്കകൾ ഇച്ഛാശക്തിയോടെ സർക്കാരും എൽഡിഎഫ് നേതൃത്വവും പരിഹരിക്കുമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി.ഒരു പദ്ധതി അത് കേന്ദ്രസർക്കാരിന്റേതായതുകൊണ്ട് മാത്രം എതിർക്കണമെന്ന് അഭിപ്രായം കേരള കോൺഗ്രസ് എംന് ഇല്ല.പി എം ശ്രീ പദ്ധതിയുടെ 60% വിഹിതം കേന്ദ്രസർക്കാരും 40% വിഹിതം സംസ്ഥാന സർക്കാരുമാണ് വഹിക്കുന്നത്.
അതുകൊണ്ട് പദ്ധതിയുടെ പൂർണ്ണ നിയന്ത്രണം കേന്ദ്രസർക്കാരിൽ ആണെന്ന് പറയാൻ ആവില്ല.ഈ പദ്ധതിയുടെ നടത്തിപ്പിൽ സംസ്ഥാന സർക്കാരിനും വലിയ പങ്കുണ്ട്. കേന്ദ്ര വിദ്യാഭ്യാസ പദ്ധതികളിൽ നിന്നും പൂർണ്ണമായും ഒഴിവായി നിൽക്കാൻ കേരളത്തിന് സാധിക്കുകയില്ല.സർവ്വശിക്ഷ അഭിയാൻ എസ് എസ് എ പദ്ധതിയിൽ 2023 24ൽ 1031 കോടി രൂപ സംസ്ഥാന സർക്കാരും ലഭിച്ചു.
2024 25 ൽ ഒരു രൂപ പോലും ലഭിച്ചില്ല .അതിൻറെ കാരണം പി എം ശ്രീ പദ്ധതിയിൽ കേരളം ഒപ്പിടാതിരുന്നതാണ്.സംസ്ഥാനത്തെ നൂറ് കണക്കിന് സ്കൂളുകൾക്ക് ഗുണകരമായ രീതിയിൽ വിനിയോഗിക്കാൻ കഴിയുന്ന പണമാണ് ഇങ്ങനെ നഷ്ടപ്പെട്ടത്.മാത്രമല്ല നിരവധി അധ്യാപകർ പെരുവഴിയിലാകുന്ന സാഹചര്യമുണ്ടാകും. വിദ്യാഭ്യാസ നവീകരണത്തിന് ലഭിക്കുന്ന കോടിക്കണക്കിന് രൂപ അതുകൊണ്ട് നഷ്ടപ്പെടുത്താനാവില്ല.
പിഎം ശ്രീ പദ്ധതിയിലൂടെ കേന്ദ്രസർക്കാർ ഹിഡൻ അജണ്ടകൾ അടിച്ചേൽപ്പിക്കുന്നതിന് ശ്രമിച്ചാൽ അതിനെ പ്രതിരോധിക്കുവാൻ കേരളത്തിലെ അധ്യാപകർക്കും വിദ്യാഭ്യാസ വിചക്ഷണർക്കും,വിദ്യാഭ്യാസ വകുപ്പിനും സംസ്ഥാന സർക്കാരിനും സാധിക്കുമെന്നും ജോസ് കെ മാണി പറഞ്ഞു









