കാസര്‍ഗോഡ് ഊമയായ പെണ്‍കുട്ടിയെ കെട്ടിയിട്ട് പീഡിപ്പിച്ചു,പോലീസ് നടപടിയില്ല

കാസര്‍കോഡ്:മഞ്ചേശ്വരത്ത് പതിനാറുകാരിയായ ഊമ പെണ്‍കുട്ടിയെ യുവാവ് കെട്ടിയിട്ട് ലൈംഗികമായി പീഡിപ്പിച്ചു.  ഉപ്പള ഗെയ്റ്റിലാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് പ്രദേശവാസിയായ സുരേഷിനെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. അതേസമയം, പൊലീസ് അന്വേഷണം തൃപ്‌തികരമല്ലെന്നും പരാതി നല്‍കി മൂന്നു ദിവസം കഴിഞ്ഞിട്ടാണ് പോലീസ് കേസെടുത്തതെന്നും കുട്ടിയുടെ അമ്മ ആരോപിച്ചു.

കഴിഞ്ഞ മാസം 22നാണ് സുരേഷ് പതിനാറുകാരിയായ പെണ്‍കുട്ടിയുടെ വീട്ടില്‍ വെള്ളം ചോദിച്ച് എത്തുകയും പീഡനത്തിന് വിധേയമാക്കുകയും ചെയ്‌തത്. ഈ സമയം വീട്ടില്‍ ആരുമില്ലായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ കെട്ടിയിട്ട് ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിനു ശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടി വിവരം അയല്‍വീട്ടിലെ സ്ത്രീയോട് പറയുകയും ഈ സ്ത്രീയുടെ സഹായത്തോടെ മഞ്ചേശ്വരം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയില്‍ നിന്ന് കൃത്യമായി മൊഴിയെടുക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞ് പൊലീസ് അന്വേഷണത്തില്‍ മുഖം തിരിക്കുകയായിരുന്നു.

താന്‍ പീഡിപ്പിക്കപ്പെട്ടതായി പെണ്‍കുട്ടി തന്റെ അധ്യാപികയോട് പറയുകയും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തുകയും ചെയ്യുകയായിരുന്നു. പരിശേധനയില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി വ്യക്തമാകുകയായിരുന്നു.

Top