കണ്ണൂർ : തീയ്യ സമുദായ സംഘടനകളുടെ ഐക്യവേദി മലബാറിൽ അഞ്ച് നിയമസഭ മണ്ഡലങ്ങളിൽ മത്സരിക്കാൻ തീരുമാനമായി. മലബാറിലെ 45 ലക്ഷത്തോളം വരുന്ന തീയ്യ സമുദായത്തെ പ്രതിനിധീകരിച്ച് അഞ്ച് നിയമസഭ മണ്ഡ ലങ്ങളിൽ മത്സരിക്കാൻ തീയ്യ ഐക്യവേദിയുടെ യോഗം തീരുമാനിച്ചു.
LDF, UDF, NDA എന്നി മൂന്ന് മുന്നണികളും മലബാറിലെ ഏറ്റവും വലുതും പ്രബലവുമായ തീയ്യ സമുദായത്തെ തികച്ചും അവഗണിക്കുന്ന സാഹചര്യത്തിലും നിലവിലുണ്ടായിരുന്ന നേരിയ സംവരണ ആനുകൂല്യങ്ങൾ പോലും കേരള സർക്കാർ നടപ്പിലാക്കിയ സാമ്പത്തിക സംവരണ നിയമത്തോട് കൂടി അട്ടിമറിക്കപെട്ടതിനാലും ഈ നിലപാട് വടക്കൻ കേരളത്തോടും അവിടെയുള്ള ഏറ്റവും വലിയ സമുദായവുമായ തീയ്യ സമുദായത്തോട് കാണിക്കുന്ന കടുത്ത അവഗണനയായിട്ടാണ് തിയ്യ സമുദായം നോക്കി കാണുന്നത്.
കേരള സംസ്ഥാന രൂപീകരണത്തോടെ ഏറ്റവും കുറവ് സർക്കാർ പദ്ധതികൾ നടപ്പാക്കുന്നത് പണ്ട് മദ്രാസ് സംസ്ഥാനത്തിൻ്റെ ഭാഗമായിരുന്ന വടക്കെ മലബാറിലാണ് എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ സമുദായം അനുഭവിക്കുന്ന കടുത്ത അവഗണനയെ നിയമനിർമ്മാണ സഭയുടെ ശ്രദ്ധയിൽ കൊണ്ടുവരാനും ഉന്നയിക്കാനും ഉതകുന്ന പ്രതിനിധികളെ സഭയിൽ എത്തിക്കാൻ കൂട്ടമായ കുടുംബ പ്രവർത്തനം നടത്താൻ തീയ്യ ഐക്യവേദി തീരുമാനിച്ചു.

ജാതി സെൻസസിൽ തിയ്യരെ പ്രത്യേക സമുദായമായി രേഖപ്പെടുത്തുവാനുള്ള ഇടപെടൽ നടത്തണമെന്ന ആവിശ്യം ഉന്നയിച്ചുള്ള തിയ്യ മഹാസഭയുടെ നിവേദനം ബഹുമാനപ്പെട്ട പ്രതിപക്ഷ ഉപനേതാവ് ശ്രീ പി കെ കുഞ്ഞാലികുട്ടിക്ക് നൽകുന്നു
കേരളത്തിലെ ഏതാനും ആയിരങ്ങളിൽ മാത്രം ഒതുങ്ങുന്ന ചെറു സമുദായങ്ങൾ പോലും രാഷ്ട്രീയ ഇടപെടലുകൾ നടത്തി അർഹവും അനർഹവുമായ ആനുകൂല്യങ്ങൾ നേടിയെടുക്കുമ്പോൾ 45 ലക്ഷത്തോളം വരുന്ന തിയ്യ സമുദായത്തെ ഈഴവ സമുദായത്തിൻ്റെ ഒരു ഉപജാതിയാക്കി തരംതാഴ്ത്തി മുമ്പുണ്ടായിരുന്ന ചെറിയ ആനുകുല്യങ്ങൾ പോലും നിഷേധിക്കുന്ന സ്ഥിതി വിശേഷമാണ് ഇന്ന് നിലവിലുള്ളത് എന്ന് യോഗം വിലയിരുത്തി. ഈ സാഹചര്യത്തിൽ അർഹിക്കുന്ന ആനുകൂല്യങ്ങൾ നേടിയെടുക്കാൻ സമുദായം ഒറ്റക്കെട്ടായി മുന്നോട്ടു പോവാൻ തീരുമാനിച്ചു.











