കൊച്ചി: അന്തരിച്ച നടനും സംവിധായകനുമായ ശ്രീനിവാസൻ്റെ സംസ്കാര ചടങ്ങുകൾ നാളെ രാവിലെ നടക്കും. കണ്ടനാടുള്ള വീട്ടുവളപ്പിൽ രാവിലെ 10 മണിക്കായിരിക്കും സംസ്കാരമെന്ന് സംവിധായകൻ രഞ്ജി പണിക്കർ മാധ്യമങ്ങളോട് പറഞ്ഞു.പ്രിയപ്പെട്ട ശ്രീനിക്ക് സിനിമാലോകത്തിൻ്റെ കണ്ണീർ പ്രണാമം. ഹൃദയഭാരത്തോടെ വിട നൽകാൻ മോഹൻലാലും മമ്മൂട്ടിയും ടൗൺ ഹാളിലെ പൊതുദർശനത്തിലെത്തി.
അതേസമയം നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ വിയോഗത്തിൽ വൈകാരിക കുറിപ്പ് പങ്കുവച്ച് സംവിധായകൻ പ്രിയദർശൻ. ഒന്നിച്ച് സ്വപ്നം കണ്ട് സിനിമയിൽ എത്തിയവരാണ് ഞങ്ങൾ. സിനിമയ്ക്ക് പുറത്തായിരുന്നു ഞങ്ങളുടെ ബന്ധം കൂടുതലും. കഥാചർച്ചകളും, ഇണക്കങ്ങളും, പിണക്കങ്ങളുമായി എത്രയോ പകലും രാത്രികളും.
ചിന്തകളിലും പ്രവർത്തികളും പുലർത്തിയിരുന്ന നന്മ, അതായിരുന്നു ശ്രീനിയുടെ വ്യക്തിമുദ്ര. കഥ അന്വേഷിക്കാൻ ശ്രീനിക്ക് മനുഷ്യ ഹൃദയങ്ങൾ മാത്രം മതിയായിരുന്നുവെന്നും, സ്വയം നോക്കി ചിരിക്കാൻ ശ്രീനിയെപ്പോലെ മറ്റൊരാൾ ഇനിയുണ്ടാവില്ലെന്നും ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പ്രിയദർശൻ പറഞ്ഞു.
“എല്ലാത്തിനെയും ചിരിയിലൂടെ കണ്ട പ്രിയപ്പെട്ട ശ്രീനി, സ്നേഹം നിറഞ്ഞ ഒരു പുഞ്ചിരി പോലെ മാഞ്ഞു. കഥ അന്വേഷിക്കാൻ ശ്രീനിക്ക് മനുഷ്യ ഹൃദയങ്ങൾ മാത്രം മതിയായിരുന്നു. സ്വയം നോക്കി ചിരിക്കാൻ ശ്രീനിയെപ്പോലെ മറ്റൊരാൾ ഇനിയുണ്ടാവില്ല.
ഒന്നിച്ച് സ്വപ്നം കണ്ട് സിനിമയിൽ എത്തിയവരാണ് ഞങ്ങൾ. സിനിമയ്ക്ക് പുറത്തായിരുന്നു ഞങ്ങളുടെ ബന്ധം കൂടുതലും. കഥാചർച്ചകളും, ഇണക്കങ്ങളും, പിണക്കങ്ങളുമായി എത്രയോ പകലും രാത്രികളും. ചിന്തകളിലും പ്രവർത്തികളും പുലർത്തിയിരുന്ന നന്മ, അതായിരുന്നു ശ്രീനിയുടെ വ്യക്തിമുദ്ര. സിനിമ എനിക്ക് സമ്മാനിച്ച, എന്നെ സിനിമ പാഠങ്ങൾ പഠിപ്പിച്ച എൻ്റെ ആത്മസുഹൃത്തിന് വിട.” പ്രിയദർശൻ കുറിച്ചു.
അതേസമയം, ശ്രീനിവാസന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടേയുള്ള പ്രമുഖർ രംഗത്ത് വന്നു. മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടമാണ് ശ്രീനിവാസന്റെ വേര്‍പാടെന്ന് മുഖ്യമന്ത്രി അനുശോചിച്ചു. ചലച്ചിത്രത്തിന്റെ സമസ്ത രംഗങ്ങളിലും നായക സ്ഥാനത്ത് എത്തിയ പ്രതിഭയാണ് മറയുന്നത്. പച്ച മനുഷ്യന്റെ ജീവിതം വെള്ളിത്തിരയില്‍ എത്തിക്കുന്നതിലും ചിരിയിലൂടെയും ചിന്തയിലൂടെയും പ്രേക്ഷകനെ താന്‍ ഇച്ഛിക്കുന്ന ബോധ തലങ്ങളിലേക്ക് എത്തിക്കുന്നതിലും ഇതുപോലെ വിജയിച്ച ചലച്ചിത്രകാരന്മാര്‍ വേറെ അധികമില്ല. സിനിമയില്‍ നിലനിന്നു പോന്ന പല മാമൂലുകളെയും തകര്‍ത്തുകൊണ്ടാണ് ശ്രീനിവാസന്‍ ചുവടുവെച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
താന്‍ പ്രകാശിപ്പിക്കുന്ന ആശയം കടുത്ത വിമര്‍ശനത്തിന് വിധേയമാകുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ സരസമായി അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കടുത്ത വിയോജിപ്പുള്ളവരും ശ്രീനിവാസനിലെ പ്രതിഭയെ ആദരിച്ചു. മലയാള ചലച്ചിത്ര രംഗത്തെ ആസ്വാദന തലത്തെ ഭാവാത്മകമാവിധം മാറ്റുന്നതിന് ശ്രീനിവാസന്‍ പ്രയത്‌നിച്ചു. തന്റെ സാമൂഹ്യ കാഴ്ചപ്പാടുകളെ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്നതില്‍ വിജയിച്ച ചലച്ചിത്രകാരന്‍ കൂടിയാണ് ശ്രീനിവാസന്‍’ – മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.










