കൊല്ലം: ഓച്ചിറയില്‍ ഇതര സംസ്ഥാന തൊഴിലാളിയുടെ മകളെ തട്ടിക്കൊണ്ട്‌പോയത് സിപിഐ ബ്രാഞ്ച് സെക്രട്ടറിയുടെ മകന്റെ നേതൃത്വത്തിലുള്ള സംഘം. രാജസ്ഥാന്‍ സ്വദേശികളുടെ മകളെയാണ് തട്ടിക്കൊണ്ട് പോയത്. പ്രതി പെണ്‍കുട്ടിയുമായി ബംഗലുരുവിലേക്ക് കടന്നതായി സംശയം. എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ നിന്നും പ്രതി ട്രെയിന്‍ ടിക്കറ്റ് എടുത്തതായി പോലീസിന് വിവരം കിട്ടി.
എറണാകുളം വരെ വരെ കൂട്ടു പ്രതികള്‍ ഇരുവരെയും അനുഗമിച്ചു. പെണ്‍കുട്ടിയുമായി പ്രതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഓച്ചിറ പള്ളിമുക്കിന് നാഷണല്‍ ഹൈവേയുടെ സമീപം പ്രതിമ നിര്‍മ്മിച്ച് വില്‍പ്പന നടത്തി വരുന്ന രാജസ്ഥാന്‍ സ്വദേശിയുടെ പതിമൂന്ന് വയസ്സുള്ള പെണ്‍കുഞ്ഞിനെയാണ് കാണാതായിട്ടുള്ളത്. മേമന സിപിഐ ബ്രാഞ്ച് സെക്രട്ടറി നവാസിന്റെ മകനായ റോഷന്‍ നവാസ് എന്ന യുവാവും ഇയാളുടെ സുഹൃത്തുക്കളായ വിപിന്‍, കൊട്ടുണ്ണി, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവരുടെ നേതൃത്വത്തിലാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത്.
നാട്ടില്‍ത്തന്നെയുള്ള ചിലര്‍ ഉപദ്രവിക്കാറുണ്ടെന്ന് അച്ഛനമ്മമാര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതികളെ കുറിച്ചുള്ള വിവരം ലഭിച്ചത്. പ്ലാസ്റ്റര്‍ ഓഫ് പാരീസ് ഉപയോഗിച്ച് വിഗ്രഹങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്ന കുടുംബം ഓച്ചിറ – വലിയകുളങ്ങര പ്രദേശത്ത് വഴിയോരക്കച്ചവടം നടത്തിയാണ് ജീവിച്ചിരുന്നത്. ഒരു മാസമായി ഇവര്‍ ഇവിടെയുണ്ട്. ചൊവ്വാഴ്ച രാത്രി 11 മണിക്ക് ഒരു സംഘമാളുകള്‍ ഇവരെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പെണ്‍കുട്ടിയുമായി ബാംഗ്ലൂരിലേക്ക് കടന്നതായി പോലീസിന് സംശയം ഉണ്ടായിരിക്കുന്നത്. നാട്ടുകാര്‍ സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയതോടെയാണ് പോലീസ് ഉണര്‍ന്നത്.
രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. റോഷന്റെ നേതൃത്വത്തിലെത്തിയ സംഘം പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറുകയും പെണ്‍കുട്ടിയെ ബലമായി പിടിച്ചു കൊണ്ടു പോകുകയുമായിരുന്നു. ഈ സമയം പെണ്‍കുട്ടിയെ രക്ഷിക്കാനെത്തിയ പിതാവിനെ റോഷന്‍ ആക്രമിക്കുകയും കൈ കടിച്ചു മുറിക്കുകയും ചെയ്തു. ശേഷം പെണ്‍കുട്ടിയെ ബലമായി പിടിച്ചു വലിച്ച് സമീപത്തുള്ള പരബ്രഹ്മാ ആശുപത്രിയുടെ മുന്നിലെത്തിക്കുകയും അവിടെ പ്രതികള്‍ സഞ്ചരിച്ചിരുന്ന കാറില്‍ കയറ്റി കൊണ്ടു പോകുകയുമായിരുന്നു. ഇവരുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും പെണ്‍കുട്ടിയുമായി സംഘം കടന്നു കളയുകയായിരുന്നു.


