വൈദികന്‍ പീഡിപ്പിച്ച പെണ്‍കുട്ടിക്കു പ്രസവിക്കുമ്പോള്‍ പ്രായം 17 വയസും അഞ്ചു മാസവു​​മെന്നു രേഖകള്‍ .ലൈംഗികബന്ധം സമ്മതപ്രകാരമെന്നു ഇര പറഞ്ഞെങ്കിലും വൈദികന്‍ കുടുങ്ങും

തലശേരി :ഇരയും സാക്ഷികളും കൂറുമാറ്റം നടന്നു എങ്കിലും പള്ളിമേടയിൽ പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ വൈദികൻ റോബിനെ രക്ഷിക്കാൻ കത്തോലിക്കാ സഭക്കാവില്ല . കൊട്ടിയൂരില്‍ വൈദികന്‍ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയപ്പോള്‍ പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയായിരുന്നില്ലെന്നു തെളിയിക്കുന്ന രേഖകള്‍ പ്രോസിക്യൂഷന്‍ വിചാരണക്കോടതിയില്‍ ഹാജരാക്കി. ഒന്നാംപ്രതി ഫാ. റോബിന്‍ വടക്കാഞ്ചേരിക്ക്‌ അനുകൂലമായി പെണ്‍കുട്ടിയും അമ്മയും കൂറുമാറി മൊഴി നല്‍കിയിരുന്നു. സംഭവസമയത്തു പ്രായപൂര്‍ത്തിയായിരുന്നെന്ന ഇവരുടെ വാദം തെറ്റാണെന്നു പോലീസ്‌ കോടതിയെ ബാധ്യപ്പെടുത്തി.ലൈവ്‌ ബര്‍ത്ത്‌ റിപ്പോര്‍ട്ടായതിനാല്‍ പ്രായപൂര്‍ത്തിയാകും മുന്‍പാണ്‌ പെണ്‍കുട്ടിയെ റോബിന്‍ വടക്കാഞ്ചേരി പീഡിപ്പിച്ചതെന്ന്‌ ഇതില്‍ ബോധിപ്പിച്ചിട്ടുണ്ട്‌.

പെണ്‍കുട്ടിയുടെ ജനനം സംബന്ധിച്ച രേഖകള്‍ തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ്‌ കോടതി (ഒന്ന്‌) ജഡ്‌ജി പി.എന്‍.വിനോദ്‌ മുന്‍പാകെയാണ്‌ പ്രോസിക്യൂഷന്‍ ഹാജരാക്കിയത്‌. 1999 നവംബര്‍ പതിനേഴിനായിരുന്നു പെണ്‍കുട്ടി ജനിച്ചത്‌. നവംബര്‍ 24-ന്‌ കൂത്തുപറമ്പ്‌ നഗരസഭയില്‍ ജനനം രജിസ്‌റ്റര്‍ ചെയ്‌തു. 2002 -ല്‍ പെണ്‍കുട്ടിയുടെ പേര്‌ ചേര്‍ത്തു. ഈ സുപ്രധാന വിവരങ്ങള്‍ നഗരസഭയില്‍ നിന്നു ശേഖരിച്ചാണു ഹാജരാക്കിയത്‌.

പ്രോസിക്യുഷന്റെ അപേക്ഷ പ്രകാരം കോടതി ഉത്തരവിന്റെ അടിസ്‌ഥാനത്തിലായിരുന്നു പോലീസ്‌ നടപടി.പ്രസവിക്കുമ്പോള്‍ 17 വയസും അഞ്ചു മാസവുമായിരുന്നു പ്രായമെന്നാണ്‌ പ്രോസിക്യൂഷന്‍ തെളിയിക്കുക. ഗര്‍ഭകാലം കൂടി കണക്കാക്കുമ്പോള്‍ പീഡനം നടക്കുമ്പോള്‍ പെണ്‍കുട്ടിക്കു 16 വയസായിരുന്നു. ജനനസര്‍ട്ടിഫിക്കറ്റ്‌, സ്‌കൂള്‍രേഖകള്‍ എന്നിവ തെളിവായി ഹാജരാക്കാനായിരുന്നു പോലീസ്‌ നീക്കം. ഇതിനിടെയാണ്‌ കൂടുതല്‍ വ്യക്‌തമായ തെളിവായി ലൈവ്‌ ബെര്‍ത്ത്‌ റിപ്പോര്‍ട്ടിലേക്ക്‌ കാര്യങ്ങളെത്തിയത്‌. ഇതോടെ, ശാസ്‌ത്രീയ പരിശോധനയില്ലാതെ തന്നെ പെണ്‍കുട്ടിയുടെ പ്രായം തെളിയാന്‍ വഴിയൊരുങ്ങി.ലൈവ്‌ ബര്‍ത്ത്‌ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ പ്രസവസമയത്ത്‌ പരിശോധിച്ച ഡോക്‌ടറെ 12-ന്‌ വിസ്‌തരിക്കും.

കൂത്തുപറമ്പ്‌ ക്രിസ്‌തുരാജ ആശുപത്രി നഴ്‌സിങ്‌ സൂപ്രണ്ട്‌, നഗരസഭാ സെക്രട്ടറി എന്നിവരെ കഴിഞ്ഞദിവസം വിസ്‌തരിച്ചിരുന്നു. ഏഴുപ്രതികളാണ്‌ വിചാരണ നേരിടുന്നത്‌. തങ്ങള്‍ക്ക്‌ മുഖ്യപ്രതിയായ ഫാ.റോബിനെതിരേ പരാതിയില്ലെന്നും പെണ്‍കുട്ടിയുടെ ജനനത്തീയതി രേഖപ്പെടുത്തിയത്‌ തെറ്റാണെന്നും അമ്മ മൊഴി നല്‍കിയിരുന്നു. കേസിന്റെ വിചാരണ തുടങ്ങിയ ദിവസമാണ്‌ പെണ്‍കുട്ടി മൊഴിമാറ്റിയത്‌. സ്വന്തം താല്‍പ്പര്യപ്രകാരമാണ്‌ വൈദികനുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും തനിക്ക്‌ പ്രായപൂര്‍ത്തിയായിരുന്നെന്നും പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞിരുന്നു. വൈദികനൊപ്പം ജീവിക്കാനാണ്‌ ആഗ്രഹമെന്നും ബോധിപ്പിച്ചിരുന്നു.

Top