സഹപാഠികള്‍ക്കു മുന്നില്‍ വച്ച് അധ്യാപകര്‍ മോഷണക്കുറ്റം ആരോപിച്ചു; വിദ്യാര്‍ത്ഥി ജീവനൊടുക്കാന്‍ ശ്രമിച്ചു

സഹപാഠികളുടെ മുമ്പില്‍ വെച്ച് അധ്യാപകര്‍ മോഷണക്കുറ്റം ആരോപിച്ച വിദ്യാര്‍ത്ഥി ജീവനൊടുക്കാന്‍ ശ്രമിച്ചു. വണ്ടിപ്പെരിയാര്‍ സെന്റ് ജോസഫ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ കൊട്ടാരത്തില്‍ വീട്ടില്‍ അലക്‌സ് സാബു(15)വാണ് അപമാനിതനായതിന്റെ പേരില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. കഴിഞ്ഞ മാസം കുട്ടികളുടെ യാത്രയപ്പ് ചടങ്ങ് നടക്കുന്ന സമയത്ത് ഇതേ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി ഫീസ് അടയ്ക്കാന്‍ കൊണ്ടുവന്ന 2000 രൂപ കാണാതെ പോയിരുന്നു. ഈ തുക മോഷ്ടിച്ചതായി കരുതുന്ന വിദ്യാര്‍ത്ഥി സ്‌കൂളില്‍ വച്ച് അലക്‌സിന് 250 രൂപ നല്‍കുന്നത് കണ്ടതായി ചില കുട്ടികള്‍ ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ച ഈ കുട്ടികളും അലക്‌സുമായി തര്‍ക്കമുണ്ടായി. ഈ വിവരം അറിഞ്ഞ അധ്യാപകര്‍ സംഭവത്തിന് പരിഹാരമുണ്ടാക്കിക്കൊള്ളാമെന്ന് അലക്‌സിനെ പറഞ്ഞ് സമാധാനിപ്പിച്ചിരുന്നു. എന്നാല്‍ ഇന്നലെ വാര്‍ഷികപരീക്ഷയോട് അനുബന്ധിച്ച് സ്‌കൂളിലെത്തിയ അലക്‌സിനോട് അധ്യാപകര്‍ മോശമായി പെരുമാറുകയും മോഷണം നടക്കാന്‍ അലക്‌സാണ് കാരണമെന്ന് പറയുകയും ചെയ്തു. ഇതേതുടര്‍ന്ന് മനോവിഷമത്തിലായ അലക്‌സ് വീട്ടില്‍ ചെന്നയുടനെ വിഷമെടുത്ത് കുടിക്കുകയായിരുന്നു. അബോധാവസ്ഥയിലായ അലക്‌സിനെ വീട്ടുകാര്‍ പെട്ടെന്നുതന്നെ നെടുങ്കണ്ടത്തെ ആശുപത്രിയിലെത്തിച്ചു. സ്‌കൂളുകളുടെ നിലവാരം പരിശോധിക്കാനായുള്ള പരീക്ഷയില്‍ ഇല്ലാത്ത അടിസ്ഥാനസൗകര്യത്തെക്കുറിച്ച് എഴുതാന്‍ മടിച്ചതിനാല്‍ അധ്യാപകര്‍ പ്രതികാരം ചെയ്തതാണെന്നാണ് അലക്‌സ് പറയുന്നത്. സ്‌കൂളുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ ഉത്തരം അലക്‌സ് എഴുതാതെ വന്നപ്പോള്‍ അധ്യാപകര്‍ തന്നെ ഉത്തരം എഴുതിയെന്നും ആരോപണമുണ്ട്. സംഭവത്തില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്കും, പൊലീസിനും പരാതി നല്‍കിയിരിക്കുകയാണ് അലക്‌സിന്റെ മാതാപിതാക്കള്‍.

Top